വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമിയുത്സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിനുമുള്ള കൊടിക്കൂറയുടെ സമർപ്പണം ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. ചെങ്ങന്നൂർ പാണംപറമ്പിൽ മുണ്ടൻകാവ് കുടുംബാഗമായ സാജൻ അനുഷ്ടാനങ്ങളോടെ ഒരുക്കിയെടുത്ത കൊടിക്കൂറ വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ എത്തിച്ചു. അനുഷ്ഠാന വാദ്യമേളങ്ങളോടെ കൊടിക്കൂറ എഴുന്നള്ളിച്ച് ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം വൈക്കത്തപ്പന്റെ കൊടിമരച്ചുവട്ടിൽ നിറദീപം തെളിയിച്ച് തൂശനിലയിൽ സമർപ്പിച്ചു. ആചാര പ്രകാരം ദേവസ്വം അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസർ ഡി. ജയകുമാർ കൊടിക്കൂറ ഏറ്റുവാങ്ങി കൊടിയേറ്റുമായി ബന്ധപ്പെട്ട അടുത്ത ചടങ്ങുകൾക്കായി അവകാശിയായ കിഴക്കിനേടത്ത് ഇല്ലത്ത് ശങ്കരൻ മൂസതിന് കൈമാറി.
ഉദയനാപുരം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ എത്തിച്ച കൊടിക്കൂറ വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച ശേഷം ബലിക്കല്ലിന് മുൻപിൽ രെുക്കിയ തൂശനിലയിൽ സമർപ്പിച്ചു. അനന്തര നടപടികൾക്കായി വാതുക്കോടില്ലത്ത് ശങ്കരൻ നമ്പൂതിരി കൊടിക്കൂറ എറ്റുവാങ്ങി.
ഉദയനാപുരം സബ് ഗ്രൂപ്പ് ഓഫിസർ കെ.ആർ വിജയകുമാർ, അക്കൗണ്ടന്റ് എ.പി അശോകൻ എന്നിവരും ഉപദേശക സമിതിയംഗങ്ങളും പങ്കെടുത്തു.
വൈക്കം മടിയത്തറ വിശ്വകീർത്തിയിൽ എ എം വി ജയനാണ് ഇരു ക്ഷേത്രങ്ങളിലും വഴിപാടായി കൊടിക്കൂറകൾ സമർപ്പിച്ചത്.