പാലാ : ഇടപ്പാടി താഴ്‌വരയിൽ നിന്ന് ശിവഗിരി കുന്നിലേക്കുള്ള മീനച്ചിൽ യൂണിയന്റെ തീർത്ഥാടന പദയാത്രയിൽ ഇത്തവണ 'ഇതെന്റെ ഭഗവാന് ' കാണിപ്പൊന്നും അകമ്പടിയാകും. യൂണിയനു കീഴിലുള്ള പതിമൂവായിരത്തോളം കുടുംബങ്ങളിൽ നിന്നു ശേഖരിക്കുന്ന ഒരു രൂപയിൽ കുറയാതെയുള്ള തുക തീർത്ഥാടകസംഘം ഏറ്റുവാങ്ങി പദയാത്രയായി കൊണ്ടുപോയി ഗുരുദേവന്റെ മഹാസമാധിയിൽ സമർപ്പിക്കാനാണ് 'ഇതെന്റെ ഭഗവാന് ' എന്ന പവിത്ര കർമ്മം നടത്തുന്നതെന്ന് യൂണിയൻ കൺവീനറും, പദയാത്ര ടീം ക്യാപ്ടനുമായ അഡ്വ.കെ.എം.സന്തോഷ് കുമാർ പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമോ, രോഗങ്ങളാലോ കഷ്ടപ്പെടുകയും ശിവഗിരിയിൽ പോകാൻ കഴിയാതെ വരികയും ചെയ്യുന്ന കുടുംബങ്ങൾക്ക് ഹൃദയം നിറഞ്ഞ് ഭഗവാന് കാണിക്ക സമർപ്പിക്കാനാണ് ഇത് ഏർപ്പെടുത്തിയിട്ടുള്ളത്. ഭഗവാനായി ഓരോ കുടുംബവും നൽകുന്ന കാണിക്ക , ഓരോ ശാഖകളിലുമെത്തി പദയാത്രാ സംഘം ഭാരവാഹികൾ ഏറ്റുവാങ്ങും. മഞ്ഞപ്പട്ടിൽ പൊതിഞ്ഞ് ഓരോ സ്ഥലങ്ങളിലേയും ഗുരുദേവക്ഷേത്രങ്ങളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് ഗുരുദേവ സ്തുതികളോടെയാണ് പദയാത്രാ സംഘം ഏറ്റുവാങ്ങുന്നത്. കാണിപ്പൊന്ന് ഏറ്റുവാങ്ങാൻ, വ്രതം നോറ്റ പദയാത്രാസംഘം പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തുമ്പോൾ അതാതു മേഖലകളിലെ കുടുംബങ്ങളിൽ നിന്ന് ഒരാൾ വീതമെങ്കിലും എത്തിച്ചേരണമെന്നും സന്തോഷ് കുമാർ അഭ്യർത്ഥിച്ചു.
ഡിസംബർ 25 ന് ആരംഭിച്ച് 31 ന് ശിവഗിരി മഹാസമാധിയിൽ എത്തിച്ചേരും വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

പദയാത്രയുടെ മുന്നൊരുക്കങ്ങൾക്കായി ഇന്നലെ ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർന്ന ആലോചനാ യോഗത്തിൽ ദേവസ്വം പ്രസിഡന്റ് എം.എൻ.ഷാജി മുകളേൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. കെ.എം.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ, പദയാത്ര വൈസ് ക്യാപ്ടൻ കുഞ്ഞുമോൾ നന്ദൻ ഈരാറ്റുപേട്ട, ടി.കെ. ലക്ഷ്മിക്കുട്ടി ടീച്ചർ, സജീവ് കുറിഞ്ഞി എന്നിവർ പ്രസംഗിച്ചു. യൂണിയന് കീഴിലെ ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ശാഖാ യൂത്ത് മൂവ്‌മെന്റ്, വനിതാസംഘം ഭാരവാഹികൾ, ഇടപ്പാടി ക്ഷേത്ര യോഗം ഭാരവാഹികൾ, മാതൃസമിതി, യുവജന സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.


ഫോട്ടോ അടിക്കുറിപ്പ്

ഇടപ്പാടി ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ഇടപ്പാടി താഴ് വരയിൽ നിന്ന് ശിവഗിരി കുന്നിലേക്കുള്ള പദയാത്രാ മുന്നൊരുക്ക ആലോചനാ യോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ. എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.