തലയോലപ്പറമ്പ്: കാരിക്കോട് ഒളാമഠം കവലയിൽ ഇലട്രിക്ക് ലൈനിന് മുകളിലൂടെ മണ്ടപോയ തെങ്ങ് നാളുകളായി അപകട ഭീഷണി ഉയർത്തി നിന്നിട്ടും ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കാത്തത് മൂലം പ്രദേശവാസികൾ ഭീതിയിലാണ്. വർഷങ്ങളായി ആൾ താമസം ഇല്ലാതെ കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങാണ് അപകട ഭീതി ഉയർത്തുന്നത്. വൈദ്യുതി വകുപ്പ് അധികൃതരെ നാട്ടുകാർ അറിയിച്ചപ്പോൾ ഉടമസ്ഥൻ വരട്ടെ എന്നാണ് മറുപടി. നാട്ടുകാർ വെട്ടിമാറ്റാൻ തയ്യാറാണെങ്കിലും വൈദ്യുതകമ്പികൾ അഴിക്കാതെ ഇത് മുറിച്ച് മാറ്റാൻ കഴിയില്ല. സ്‌കൂൾ കുട്ടികൾ ഉൾപ്പടെ നൂറുകണക്കിന് കാൽനടയാത്രക്കാരും നിരവധി വാഹനങ്ങളും നിത്യേന കടന്ന് പോകുന്ന റോഡരികിലാണ് അപകടം പതിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുചക്രവാഹനത്തിൽ വീട്ടിലേയ്ക്ക് പോയ വൈക്കം കൊതവറ വടക്കേൽ തോമസ് ജോസഫ് മരം കടപുഴകി വീണതിനെ തുടർന്ന് റോഡിൽ പൊട്ടിവീണ വൈദ്യുതകമ്പിയിൽ നിന്നു വൈദ്യുതാഘാതമേറ്റാണ് മരിച്ചത്. പഴക്കമേറിയ താണുകിടക്കുന്ന വൈദ്യുത ലൈനുകൾ മാറ്റിയും ഇലട്രിക്ക് ലൈനിന് മുകളിലേക്ക് അപകടകരമാം വിധം ചാഞ്ഞ് വീഴാറായി കിടക്കുന്ന മരങ്ങൾ മുറിച്ച് നീക്കി ജനജീവിതം സുരക്ഷിതമാക്കുന്നതിന് ബന്ധപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.