അടിമാലി: മാസങ്ങളായി തകർന്ന് കിടക്കുന്ന സ്റ്റെല്ലാ മേരീസ് -ഫയർ സ്റ്റേഷൻ പടി റോഡിന്റെ നിർമ്മാണ ജോലികൾ നടത്തണമെന്നാവശ്യം.
ദേശിയപാത 185ൽ നിന്നും ആരംഭിച്ച് ദേശിയപാത 85ലെ കൂമ്പൻപാറയുമായി സംഗമിക്കുന്ന ബൈപ്പാസ് റോഡിന്റെ ഭാഗമാണ് അടിമാലി ടൗണിൽ നിന്നാരംഭിക്കുന്ന സ്റ്റെല്ലാ മേരീസ് ഫയർ സ്റ്റേഷൻ പടി റോഡ്. നിർമ്മാണ ജോലികളുടെ അഭാവത്താൽ മാസങ്ങളായി ഈ റോഡ് തകർന്ന് കിടക്കുകയാണ്.അധികവും ചെറുവാഹനങ്ങൾ സഞ്ചരിക്കുന്ന പാതയിൽ കുണ്ടും കുഴിയും നിറഞ്ഞതോടെ ഗതാഗതം അതീവ ദുഷ്‌ക്കരമായി കഴിഞ്ഞുവെന്ന് പ്രദേശവാസികൾ പറഞ്ഞു.നിരവധി കുടുംബങ്ങളുടെ ആശ്രയമെന്നതിനപ്പുറം രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ പാതയോരത്ത് പ്രവർത്തിക്കുന്നുണ്ട്.അടിമാലി ടൗണിൽ നിന്നും ഫയർ സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള എളുപ്പവഴിയും തകർന്ന് കിടക്കുന്ന ഈ ബൈപ്പാസ് റോഡാണ്.വള്ളപ്പടി ഭാഗത്തു നിന്നും ദേശിയപാതയിലൂടെയല്ലാതെ വാഹനങ്ങൾക്ക് ടൗണിലെത്താനും ഈ പാതയെ ആശ്രയിക്കാം.ടൗണുമായി ബന്ധപ്പെട്ട് കിടക്കുന്ന റോഡെന്ന നിലയിൽ നിർമ്മാണ ജോലികൾ നടത്താൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.