വൈക്കം: ദീപാവലിക്ക് ഭക്തിയുടെ പ്രഭയുമായി മൺചിരാതുകളിൽ തെളിഞ്ഞ എണ്ണവിളക്കുകൾ നാടാകെ പ്രഭ ചൊരിഞ്ഞു. തിന്മയ്ക്കു മേൽ നന്മ വിജയം നേടിയ ഓർമയിൽ ഭക്തർ ദീപാവലി ആഘോഷിച്ചു. ക്ഷേത്ര സങ്കേതങ്ങളിലും ഭവനങ്ങളിലും നിരന്ന വിളക്കുകൾ ദീപാവലിയുടെ പൊൻപ്രഭ പരത്തി. മധുരം പങ്കുവച്ചും ദീപക്കാഴ്ചകൾ ഒരുക്കിയും, പൂത്തിരി കത്തിച്ചും കുട്ടികളും മുതിർന്നവരും ആഹ്ലാദം പങ്കുവച്ചു. തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ദീപാവലി ആഘോഷിച്ചു. ചുറ്റമ്പല ചുവരുകളിലും ക്ഷേത്രത്തിന്റെ മതിൽക്കകത്തും എണ്ണ വിളക്കുകളുടെ നിര ഭക്തിയുടെ ദൃശ്യ ഭംഗി പകർന്നു. തന്ത്രി മനയത്താറ്റ് ഇല്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി, മേൽശാന്തി വിനോദ് എന്നിവർ കാർമ്മികരായി. ഉപദേശക സമിതി പ്രസിഡന്റ് കെ. എസ്. സാജുമോൻ, സെക്രട്ടറി കെ. രാജേന്ദ്ര കുമാർ, വൈസ് പ്രസിഡന്റ് കെ. എം. രാധാകൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി കെ. എൻ. സദാശിവൻ നായർ, സഹദേവൻ നായർ, അശ്വിനി കുമാർ, രവീന്ദ്രൻ നാഥൻനായർ എന്നിവർ നേതൃത്വം നൽകി.