പന്തളം: തുമ്പമൺ പഞ്ചായത്തിൽ കാട്ടുപന്നികൾ മൂലമുള്ള കൃഷിനാശത്തിന് കർഷകർക്കു നഷ്ടപരിഹാരം നൽകാൻ നടപടിയായി. വിവിധ വാർഡുകളിലായി 7 കർഷകരുടെ അപേക്ഷയിന്മേലാണ് തീരുമാനമായത്. വനം വന്യജീവി വകുപ്പാണ് നഷ്ടപരിഹാരം നല്കുന്നത്. നെല്ല് ഹെക്ടറിന് 11000 രൂപ, തെങ്ങ് കായ് ഉള്ളതിന് 770,കായ് ഇല്ലാത്തതിന് 385,ഏത്തവാഴ കുലച്ചത് 110,കുലയ്ക്കാത്തതിന് 83 എന്നിങ്ങനെയാണ് നഷ്ടപരിഹാരം നൽകുന്നത്. റബറുൾപ്പെടെ എല്ലാ കാർഷിക കാർഷികേതര വിളകൾക്കും നഷ്ടപരിഹാരം ലഭിക്കും. ദീർഘനാളുകളായുള്ള കർഷകരുടെ ആവശ്യമായിരുന്നു നഷ്ടപരിഹാരം. ഇതിനായുള്ള അവരുടെ അപേക്ഷ കൃഷി ഓഫീസർ പരിശോധിക്കുകയും റിപ്പോർട്ട് സഹിതം റാന്നി റേഞ്ച് ഫോറസ്റ്റ് ആഫീസർക്ക് കൈമാറുകയും ചെയ്തിരുന്നു. അതിന്മേലാണ് ഇപ്പോൾ തീരുമാനമായത്. കൃഷിനാശത്തേക്കുറിച്ചു വനം വന്യജീവി വകുപ്പിൽ ഓൺലൈനിലാണ് അപേക്ഷ നൽകേണ്ടത്. അക്ഷയ വഴിയും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പും ഹാജരാക്കണം. ലഭിക്കുന്ന അപേക്ഷകൾ റാന്നി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പരിശോധിച്ച് നഷ്ടപരിഹാരത്തിന് ശുപാർശ നൽകും. ഇതേക്കുറിച്ചു കർഷകരെ ബോധവാന്മാരാക്കുന്നതിന് 30ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി,വനം വന്യജീവി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സെമിനാർ നടത്തും. സെമിനാറിനു ശേഷം കാട്ടുപന്നി ശല്യം രൂക്ഷമായുള്ള പ്രദേശങ്ങളിൽ നേരിട്ട് പരിശോധന നടത്തി കാട്ടുപന്നി ആക്രമണം തടയാനുള്ള കിടങ്ങുകൾ, സൗരോർജ്ജ വേലികൾ എന്നിവ സ്ഥാപിക്കും. തുടർന്നു ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അദ്ധ്യക്ഷനായും പഞ്ചായത്ത് പ്രസിഡന്റ്,റെയ്ഞ്ച് ഓഫീസർ,അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ, വാർഡ് അംഗം എന്നിവരടങ്ങുന്ന കമ്മിറ്റി പന്നിശല്യം വിലയിരുത്തി നടപടികൾ സ്വീകരിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് സഖറിയാ വർഗീസ് പറഞ്ഞു.