കോട്ടയം: വാളയാറിൽ കുരുന്നുകൾക്ക് നീതി കിട്ടാതെ വന്നത് ചർച്ചയാകുമ്പോൾ പാൽ മണം മാറാത്ത പിഞ്ചു കുഞ്ഞിനെപ്പോലും പിച്ചിച്ചീന്തുന്ന നരാധമന്മാരുടെ നാടായി കോട്ടയവും മാറുകയാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള നിയമങ്ങൾ ഫലപ്രദമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആറ് വർഷത്തിനിടെ ജില്ലയിൽ പോക്‌സോ കേസുകൾ മൂന്നിരട്ടിയിലേറെയാണ് വർദ്ധിച്ചത്.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയാൻ ആവിഷ്‌കരിച്ച പ്രൊട്ടക്ഷൻ ഒഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് (പോക്‌സോ) പ്രകാരമുള്ള കേസുകളാണ് ജില്ലയിൽ വർദ്ധിക്കുന്നത്. 2013ൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 34 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ വർഷം സെപ്തംബർവരെ മാത്രം 138 കേസുകളുണ്ടായി.
എരുമേലി, മുണ്ടക്കയം, വൈക്കം, കുമരകം, ഈരാറ്റുപേട്ട, കോട്ടയം വെസ്റ്റ് സ്റ്റേഷനുകളിലാണ് പോക്‌സോ കേസുകൾ കൂടുതൽ. ജൂലായിൽ മാത്രം 22 കേസുകൾ രജിസ്റ്റർ ചെയ്തപ്പോൾ എല്ലാ മാസവും കേസുകൾ രണ്ടക്കം കടന്നിട്ടുണ്ട്. സംസ്ഥാനത്ത് പോക്‌സോ കേസുകളുടെ എണ്ണത്തിൽ 2013ൽ കോട്ടയം 11-ാം സ്ഥാനത്തായിരുന്നെങ്കിൽ ഈ വർഷം നാലാം സ്ഥാനത്താണ്. മലപ്പുറം, തിരുവനന്തപുരം, ജില്ലകളാണ് മുന്നിൽ. പോക്സോ കേസുകളിൽ മുന്നിൽ നിൽക്കുന്ന ഇടുക്കിയുടെ സ്ഥാനവും ഏറെ പിന്നിൽ പോയപ്പോഴാണ് വിദ്യാസമ്പന്നരുടെ നാടായ കോട്ടയത്ത് ഈ അവസ്ഥ.
കണക്കിങ്ങനെ
2013: 34
2014: 67
2015: 71
2016: 112
2017: 145
2018: 157
ശ്രദ്ധിക്കേണ്ടത് രക്ഷിതാക്കൾ
'ചുറ്റുപാടും എന്തുനടന്നാലും സ്വന്തംവീട്ടിൽ മാത്രം അതുണ്ടാവില്ലെന്നുള്ള ചിന്ത മാറണം. പല കുട്ടികളും മാതാപിതാക്കളോട് തുറന്ന് സംസാരിക്കാൻ മടിക്കുന്നു. കുട്ടികളുടെയും രക്ഷിതാക്കളുടേയും ഇടയിലുള്ള അകൽച്ചമാറണം.''
പി.എം. രമ്യ, ചെൽഡ് സൈക്യാട്രിസ്റ്റ്