കോട്ടയം: സമരവും ജീവിതവും തീക്കാറ്റുപോലെ ജ്വലിപ്പിച്ച വൈക്കം വിശ്വൻ ഇന്നലെ എൺപതിന്റെ പടി കയറി. ജീവിതം പോലെ തന്നെ ലളിതമായിരുന്നു പിറന്നാൾ ആഘോഷവും. രാവിലെ കോട്ടയം കുടയംപടിയിലെ വീട്ടിൽ അയൽപക്കക്കാരുടെയും പാർട്ടി പ്രവർത്തകരുടെയും സാന്നിദ്ധ്യത്തിൽ ഭാര്യ ഗീതക്കൊപ്പം കേക്ക് മുറിച്ചു. പ്രമേഹമുള്ളതിനാൽ കേക്ക് കഴിച്ചില്ല. തുടർന്ന് ചികിത്സക്കായി പാലായിലെ ആശുപത്രിയിലേക്ക്. ആശംസകളുമായി വീട്ടിൽ വന്നവർക്ക് ചായ മാത്രം. വിസ്തരിച്ചുള്ള പിറന്നാളാഘോഷം ദുബായിലും ബാംഗ്ലൂരിലുമുള്ള മക്കൾ ഡിസംബറിൽ നാട്ടിൽ വരുമ്പോഴേ ഉള്ളൂവെന്ന് വിശ്വൻ പറഞ്ഞു .

1939 ഒക്ടോബർ 28 നാണ് പി. വിശ്വനാഥൻ നായരെന്ന വൈക്കം വിശ്വന്റെ ജനനം. ‘പത്മനാഭൻ നായരും കാർത്ത്യായനി അമ്മയുമാണ് മാതാപിതാക്കൾ. വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ പൊതു പ്രവർത്തന രംഗത്തെത്തി. ഏറ്റവും കൂടുതൽ കാലം ഇടതുമുന്നണി കൺവീനറായതിന്റെ റെക്കാഡുണ്ട്. ട്രാൻസ്പോർട്ട് ജീവനക്കാരുടേതടക്കം നിരവധി തൊഴിലാളി സംഘടനകളുടെ അമരക്കാരനായി. പാർട്ടി കേന്ദ്ര കമ്മറ്റിയംഗമെന്ന നിലയിൽ ഇപ്പോഴും സജീവമാണ് .

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള കാലം: വെള്ളമുണ്ടും, വെള്ള ഷർട്ടും അണിഞ്ഞ സുമുഖനായ ചെറുപ്പക്കാരൻ തിരുനക്കരയിൽ പ്രസംഗിക്കുന്നു. രാജനെ ഉരുട്ടിക്കൊന്ന കഥ. ഒരു മകനെ തേടിയുള്ള പിതാവിന്റെ തെരച്ചിലാണ് വാക്കുകളിലൂടെ വരച്ച് കാട്ടിയത്.സഹോദരി ചാന്ദ്നിയുടെ വിവാഹ ദിനത്തിൽ വരനെ കാൽ കഴുകിച്ച് വിവാഹ പന്തലിൽ ആനയിക്കേണ്ട രാജൻ എന്ന കുഞ്ഞാങ്ങളയുടെ ജീവിതം കക്കയം ക്യാമ്പിലെ ഇടിമുറിയിൽ ഒടുങ്ങിയ കണ്ണീർ ചിത്രം വിശ്വൻ പ്രഹരശേഷിയുള്ള വാക്കുകളിലൂടെ കോറിയിട്ടപ്പോൾ തേങ്ങുകയായിരുന്നു കേൾവിക്കാരായ അമ്മമാർ. ഭരണകൂട ഭീകരതയെ പറ്റി, പൊലീസ് തേർവാഴ്ച്ചയെ പറ്റി അദ്ദേഹം വിവരിക്കുമ്പോൾ കേൾവിക്കാരിൽ രോഷം അണപൊട്ടി കൈയ്യടികളായും സിന്ദാബാദ് വിളികളായും മാറും. ചില പ്രാസംഗികരെ പോലെ അട്ടഹസിച്ചിരുന്നില്ല. പ്രസംഗശൈലിയിൽ അദ്ദേഹത്തെ അനുകരിച്ചവർ എം.എൽഎയും എം.പിയും മന്ത്രിമാരുമായി. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കെ.എസ്.വൈ.എഫിന്റെ സാരഥിയായിരുന്ന വൈക്കം വിശ്വന് ഇടതു മുന്നണി കൺവീനറാകാൻ പിന്നെയും പതിറ്റാണ്ടുകൾ വേണ്ടി വന്നു. ഓടി വന്ന് കെട്ടിപ്പിടിക്കാത്ത, ചിരിക്കാത്ത വിശ്വൻ അന്നുമിന്നും നാട്യങ്ങളില്ലാത്ത രാഷ്ട്രീയക്കാരനാണ്.