കടനാട്: നീലൂരിൽ റോഡ് നിർമ്മാണത്തിന്റെ മറവിൽ ലക്ഷങ്ങളുടെ കരിങ്കല്ല് കടത്തിയ വിഷയം രൂക്ഷമാകുന്നു. ഇന്ന് രാവിലെ 10.30ന് ചേരുന്ന പഞ്ചായത്തു കമ്മിറ്റിയിൽ ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഭരണ-പ്രതിപക്ഷാംഗങ്ങൾ അറിയിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനമോ, പദ്ധതി തീരുമാനമോ ഒന്നുമില്ലാതെയാണ് നീലൂർ പൊട്ടൻപ്ലാക്കൽ -ഞള്ളിക്കുന്ന് റോഡിന്റെ പണികൾ നടത്തിയതെന്ന് പഞ്ചായത്ത് സെക്രട്ടറി മനോജും ഭരണ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും പറയുന്നു.

വാർഡ് മെമ്പർ പോലും അറിയാതെയാണ് പണി തുടങ്ങിയത്. അരക്കോടിയോളം രൂപയുടെ കരിങ്കല്ലും മണ്ണും കടത്തിയതായാണ് ആരോപണം.

ഇതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വിഭാഗം തീരുമാനിച്ചു.
കടനാട് പഞ്ചായത്തിലെ എ.ഇ.യോട് ഇതു സംബന്ധിച്ച് റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും ഇതേ വരെ നൽകിയിട്ടില്ലെന്ന് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.

ലക്ഷക്കണക്കിന് രൂപയുടെ പൊതുമുതൽ അടിച്ചു മാറ്റിയതു സംബന്ധിച്ച് കടനാട് പഞ്ചായത്ത് സെക്രട്ടറി ആഴ്ചകൾക്കു മുമ്പേ മേലുകാവ് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് സംഭവ സ്ഥലത്തേക്കു തിരിഞ്ഞു നോക്കിയിട്ടേയില്ലെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കുറ്റപ്പെടുത്തുന്നു. വൻ തോതിൽ കരിങ്കല്ല് കടത്തിയതിനു പിന്നിൽ പഞ്ചായത്തു ഭരണ സമിതിയിലെ ഒരു അംഗത്തിനു പങ്കുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്.

ഒരു രാഷ്ട്രീയ പാർട്ടിയുടെ പിൻബലത്തിലാണ് പകൽക്കൊള്ള നടത്തിയതെന്ന് പഞ്ചായത്തിലെ പ്രതിപക്ഷ മെമ്പർമാർ പറയുന്നു. എന്നാൽ കൊള്ളയുടെ ആസൂത്രകൻ പാർട്ടി മെമ്പറല്ലെന്നും ഇതേപ്പറ്റി അന്വേഷിച്ച് കൊള്ള വ്യക്തമായാൽ ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പാർട്ടി മുന്നിലുണ്ടാവുമെന്നും നേതാക്കൾ ഉറപ്പിച്ചു പറയുന്നു.

തട്ടിപ്പിന് മറയിടാൻ മെമ്പർ ഒരു ഗുണഭോക്തൃസമിതി തട്ടിക്കൂട്ടിയതായും ആക്ഷേപമുയർന്നിരുന്നു. ഇതിനിടെ ഉന്നത പഞ്ചായത്ത് ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് നേരിട്ട് അന്വേഷിക്കാൻ ഉടൻ നീലൂരിൽ എത്തുമെന്നാണ് സൂചന. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചിലർ വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്.