കോട്ടയം: പുറമേ ശാന്തം, ഉള്ളിൽ അതിഭീകരം. അതാണ് ജില്ല ഭരണസിരാകേന്ദ്രം ഉൾപ്പെടുന്ന കളക്ടറേറ്റ് വാർഡിലെ മാലിന്യപ്രശ്നം.
പാതയോരങ്ങളിലെ ചില ഒറ്റപ്പെട്ട പൊതിക്കെട്ടുകളൊഴിച്ചാൽ പൊതുസ്ഥലങ്ങളിൽ മാലിന്യകൂമ്പാരങ്ങൾ കണ്ടെന്നുവരില്ല. മുമ്പ് ശ്മശാനത്തിന് സമീപത്തും നേതാജി റോഡിലും ഓംകാരേശ്വരം ക്ഷേത്രത്തിന് സമീപത്തും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുണ്ടായിരുന്നു. വാർഡ് കൗൺസിലറുടെകൂടി നിരന്തര ഇടപെടലുകൾ കൊണ്ട് ഇതൊക്കെ ഏതാണ്ട് പൂർണമായും ഒഴിവാക്കാൻ സാധിച്ചു. എന്നാൽ കൊടൂരാറ്റിലേക്കുള്ള മാലിന്യപ്രവാഹം അതീവ ഗുരുതരമായി തുടരുകയുമാണ്. കോടികൾ ചെലവഴിച്ച് നിർമ്മിച്ച വില്ലകളിൽ നിന്നുപോലും മാലിന്യപൈപ്പുകൾ ഓടയിലേക്കും ആറ്റിലേക്കും തുറന്നുവച്ചിട്ടുണ്ട്. അടുക്കള മാലിന്യം മുതൽ കക്കൂസ് ടാങ്കുവരെ ഓടയിലേക്ക് തുറന്നുവിടുന്നു. ഉറവിട മാലിന്യസംസ്കരണത്തിന്റെ പേരിൽ നഗരസഭ നടത്തിയ പ്രയത്നങ്ങളെല്ലാം പാഴായി. നഗരസഭയുടെ ചെലവിൽ സ്ഥാപിച്ച ബയോബിൻ, മണ്ണിരക്കമ്പോസ്റ്റ് എന്നിവയൊക്കെ പൂർണ പരാജയമായിരുന്നുവെന്നും നാട്ടുകാർക്ക് പരാതിയുണ്ട്.
മാലിന്യ കൂമ്പാരങ്ങൾ ഇല്ലാതാക്കിയത്
വാർഡിൽ മാർക്കറ്റുപോലുള്ള പൊതുസ്ഥലങ്ങളില്ല
ജനസംഖ്യയിൽ 60 ശതമാനത്തിലേറെ സ്ഥിരതാമസക്കാരായ തദ്ദേശിയർ
ജനപ്രതിനിധിയുടെ കൃത്യമായ ഇടപെടൽ
ഹരിത കർമ്മസേനയുടെ നിരന്തര സേവനം
ആരോഗ്യ വിഭാഗത്തിന്റെ ശക്തമായ ഇടപെടൽ
കൗൺസിലർ പറഞ്ഞത്
4 വർഷം മുമ്പ് ഈ വാർഡിന്റെ മൂന്ന് കേന്ദ്രങ്ങളിൽ മാലിന്യകൂമ്പാരങ്ങളുണ്ടായിരുന്നു. കൗൺസിലർ എന്ന നിലയിൽ നിരന്തരമായി ഇടപെടുകയും നഗരസഭയിലെ ശുചീകരണവിഭാഗത്തിന്റെ സേവനം ഉറപ്പാക്കുകയും ചെയ്തു. ശുചീകരണവും ക്ലോറിനേഷനും നടത്തി. അതേസമയം വില്ലകൾ ഉൾപ്പെടെ റസിഡന്റ്സ് കോളനികളിൽ നിന്ന് കൊടൂരാറ്റിലേക്ക് ഓടയിലൂടെ മാലിന്യം ഒഴുക്കുന്നത് നിയന്ത്രിക്കാൻ സാധിക്കുന്നില്ല. തൂങ്കൂർമുഴി മോഡൽ പ്ലാന്റ് സ്ഥാപിക്കാൻ താത്പര്യമില്ല. ഭൂമിശാസ്ത്രപരമായ കാരണങ്ങളാൽ ഇത്തരം പദ്ധതികൾ കോട്ടയത്ത് പരാജയമാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം സ്ഥാപിച്ച പ്ലാന്റുകൾ പോലും ഫലപ്രദമായി പ്രവർത്തിക്കുന്നില്ല. പ്ലാന്റിന് സമീപം ജൈവമാലിന്യം കുന്നുകൂടുന്നു എന്നതാണ് അനുഭവം. പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനും കൂടുതൽ ഫലപ്രദമായ ഇടപെടൽ നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാവണം.
: ടി.എൻ. ഹരികുമാർ, വാർഡ് കൗൺസിലർ