dog
റോഡരികില്‍ വാഹനമിടിച്ച് പരിക്കേറ്റ തെരുവ് നായയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന യുവാക്കൾ

അടിമാലി: റോഡരികിൽ വാഹനമിടിച്ച് പരിക്കേറ്റ് കിടന്ന തെരുവ് നായയ്ക്ക് ചികിത്സയൊരുക്കി അടിമാലിയിലെ ഒരുകൂട്ടം ചെറുപ്പക്കാർ.
ഞായറാഴ്ച രാത്രി അടിമാലി കാംകോ ജംഗ്ഷനിലാണ് തെരുവ് നായയെ വാഹനമിടിച്ച് വീഴ്ത്തിയത്. നട്ടെല്ലിന് ക്ഷതമേറ്റ നായ എണീക്കാനാവാതെ പാതയോരത്ത് കിടന്നു. നേരം പുലർന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും ആരും നായയുടെ ദയനീയാവസ്ഥ കണ്ടമട്ടുവച്ചില്ല. വേദന കൊണ്ട് പുളഞ്ഞ നായ അതുവഴി പോയവരെയെല്ലാം ദയനീയമായി നോക്കി കരയുന്നുണ്ടായിരുന്നു. തങ്ങളെ ബാധിക്കുന്ന പ്രശ്‌നമല്ലാത്തതിനാൽ ആരും നായയെ തിരിഞ്ഞുനോക്കിയില്ല. നായയുടെ ദയനീയ ചിത്രം ആരോ നവമാദ്ധ്യമത്തിൽ പോസ്റ്റു ചെയ്തതോടെ അടിമാലി ടൗണിലെ ഒരു പറ്റം ചെറുപ്പക്കാർ പത്ത് മണിയോടെ സഹായവുമായി എത്തുകയായിരുന്നു. നായയുടെ കടിയേൽക്കാതിരിക്കാൻ മൃഗാശുപത്രി അധികൃതരുടെ സഹായം തേടിയ യുവാക്കൾ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. നായയുടെ നട്ടെല്ലിന് ഗുരുതര പരിക്കേറ്റതായി ഡോക്ടർ അറിയിച്ചതോടെ തുടർ ചികത്സക്കായി നായയെ തൊടുപുഴയിലെത്തിക്കാൻ യുവാക്കൾ തീരുമാനിച്ചു. മനുഷ്യരോട് മാത്രമല്ല സമൂഹത്തിലെ മറ്റ് സഹജീവജാലങ്ങളോടും കരുതലും കരുണയും വേണമെന്ന് ഓർമ്മപ്പെടുത്തുകയാണ് ഹർത്താൽ ദിനത്തിൽ ഈ യുവാക്കളുടെ നല്ല മനസ്.