അടിമാലി: അടിക്കടിയുണ്ടാകുന്ന ഹർത്താലുകളും കടമുടക്കവും ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് സമ്മാനിക്കുന്നത് നിർഭാഗ്യം മാത്രം. പൂർണതുക സർക്കാരിലേക്കടച്ചാണ് മൊത്തവ്യാപാരികൾ ലോട്ടറി ടിക്കറ്റുകൾ വിൽപ്പനശാലയിൽ എത്തിക്കുന്നത്. എന്നാൽ ഹർത്താലോ കടമുടക്കമോ ഉണ്ടായാൽ ഈ ടിക്കറ്റുകൾ വിൽക്കാനാകില്ല. സർക്കാർ ഈ ടിക്കറ്റുകൾ തിരികെ എടുക്കാനോ പണം മടക്കി നൽകാനോ തയ്യാറാകാറില്ല. ഇത് വലിയ നഷ്ടം വരുത്തുന്നതായി ലോട്ടറി മൊത്ത വിൽപ്പനക്കാർ പറയുന്നു. അന്നന്നത്തെ അന്നത്തിനായി ലോട്ടറി കച്ചവടം നടത്തിവരുന്ന ചില്ലറ വിൽപ്പനക്കാർക്കും പരാതിയുണ്ട്. കടമായും മറ്റും ലോട്ടറി വിൽപ്പനശാലയിൽ നിന്ന് വാങ്ങുന്ന ടിക്കറ്റുകൾ വിറ്റഴിക്കാൻ കഴിയാതെ വരുന്നതോടെ പണം കൈയിൽ നിന്നെടുത്ത് അടയ്ക്കേണ്ടി വരുന്നതായി ഇവർ പറയുന്നു. വാഹനമില്ലാതെ വരുന്നതോടെ ഒരിടത്തും നിന്ന് മറ്റൊരിടത്തേക്ക് പോയി ടിക്കറ്റ് വിൽപ്പന നടത്താൻ സാധിക്കാത്തതും ചില്ലറവിൽപ്പനക്കാരെ വലയ്ക്കുന്നു. ഹർത്താലുകളും പണിമുടക്കുകളും മറ്റ് വ്യാപാരികൾക്കും നഷ്ടമുണ്ടാക്കുന്നുണ്ടെങ്കിലും വിൽക്കാനായി വാങ്ങുന്ന ലോട്ടറി ടിക്കറ്റുകൾ ആർക്കും പ്രയോജനമില്ലാതെ വലിച്ചെറിഞ്ഞ് കളയേണ്ട ഗതികേടിലാണ് ലോട്ടറികച്ചവടക്കാർ.