kvr

ചങ്ങനാശേരി: ചങ്ങനാശേരി, മല്ലപ്പള്ളി സബ് ഡിവിഷനുകളുടെ കീഴിൽ വരുന്ന തോട്ടഭാഗം മുതൽ പെരുന്ന വരെയുള്ള കവിയൂർ റോഡിന്റെ പണികൾ പായിപ്പാട്ട്, കവിയൂർ പഞ്ചായത്തുകളിൽ പുരോഗമിക്കുന്നു . പി സി കവല വരെയുള്ള റോഡിൽ സ്ഥലം ഏറ്റെടുത്ത് പന്ത്രണ്ട് മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത്. ഇവിടെ എഴുമീറ്റർ വീതിയിൽ ടാറിംഗ് ജോലികളും നടന്നു വരുന്നു. കവിയൂർ റോഡിന്റെ വീതികൂട്ടുന്നതിനായി 36 കോടി രൂപയുടെ പണികളാണ് നടന്നു വരുന്നത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റിഗേഷൻ ഫണ്ട് ബോർഡ് (കിഫ്ബി) പരിശോധനകൾ പൂർത്തിയാക്കി.

പെരുന്നയിൽ നിന്നും ആരംഭിക്കുന്ന കവിയൂർ റോഡിൽ പെരുന്ന മുതൽ മുക്കാട്ടുപടി നാലുകോടി പായിപ്പാട് തോട്ടഭാഗം വരെയുളള 13.5 കിലോമീറ്റർ ദൂരം വരുന്ന റോഡിന്റെ വീതിയാണ് കൂട്ടുന്നത്. കവിയൂർ, പായിപ്പാട് പഞ്ചായത്തുകളിൽ പെടുന്ന കവിയൂർ റോഡിൽ സ്ഥലമുടമകൾ സൗജന്യമായി റോഡ് വികസനത്തിന് സ്ഥലം വിട്ടുകൊടുത്തു.

 തൃക്കൊടിത്താനം, ചങ്ങനാശേരി ഭാഗത്ത് പ്രതിസന്ധി

തൃക്കൊടിത്താനം, ചങ്ങനാശേരി ഭാഗത്ത് സ്ഥലം ഏറ്റെടുക്കൽ നടപടികൾ എങ്ങുമെത്താത്തതിനാൽ റോഡ് നിർമ്മാണം തടസപ്പെട്ട നിലയിലാണ്. മുക്കാട്ടുപടിയിൽ നിന്നും ചങ്ങനാശേരിക്ക് വരുന്ന കവിയൂർ റോഡ് വീതി വളരെ കുറവാണ്. ഇവിടെ ഏഴു മീറ്റർപ്പോലും വീതിയില്ലാത്ത ഈ ഭാഗത്ത് ഓട നിർമ്മാണം നടത്തുന്നതായി ആക്ഷേപമുയരുന്നുണ്ട്. റോഡ് നിർമ്മാണത്തിനായി സ്ഥലം വിട്ടുകൊടുത്തവർ ഇക്കാര്യത്തിൽ രോക്ഷാകുലരാണ്. ചങ്ങനാശേരിയിൽനിന്നും കിഴക്കോട്ടുള്ള പ്രധാനപ്പെട്ട കവിയൂർ റോഡിന് ആവശൃത്തിനു വീതി ഇല്ലാത്തത് വാഹനഗതാഗതത്തിനും ഗതാഗതകുരുക്കിനും എന്നും കാരണമായിത്തീരുന്നു. കവിയൂർ റോഡും ബൈപാസ് റോഡും സംഗമിക്കുന്ന ട്രാഫിക് ജംഗ്ഷനിൽ വീതി കുറവായതിനാൽ കവിയൂർ റോഡിൽ ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. വീതികൂട്ടലിലൂടെ മാത്രമേ ഇതിനു ശാശ്വത പരിഹാരം കാണാൻ കഴിയൂ. ഇങ്ങനെയുള്ള ഗുരുതര സ്ഥിതിവിശേഷം നിലനിൽക്കേയാണ് സ്ഥലമേറ്റെടുക്കാൻ കഴിയാത്തത്.