കോട്ടയം: കോട്ടയം നഗരസഭാ കൗൺസിലറുടെ വീട്ടിൽ പട്ടാപ്പകൽ മോഷണം. കുമാരനല്ലൂർ ടൗൺ വാർഡ് അംഗമായ അഡ്വ.ജി.ജയകുമാറിന്റെ വീട്ടിൽ നിന്ന് ഇരുപതിനായിരം രൂപയും ഇരുപത് പവനും കവർന്നു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കുമാരനല്ലൂർ ദേവീവിലാസം സ്‌കൂളിലെ അദ്ധ്യാപികമായ ഭാര്യയും ഏറ്റുമാനൂർ ബാറിലെ അഭിഭാഷകനായ ജയകുമാറും രാവിലെ പത്തോടെയാണ് വീടു പൂട്ടി പോയത്. വൈകിട്ട് ഭാര്യ ജോലി കഴിഞ്ഞെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീടിന്റെ ഒരു വശത്തെ ജനൽ ചില്ലുകൾ തകർത്ത് അഴികൾ അറുത്തു മാറ്റിയാണ് മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിന് ബാങ്കിൽ നിന്നും എടുത്തു സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു കവർന്നത്. ചുറ്റും നിരവധി വീടുകളുള്ള സ്ഥലത്താണ് മോഷണമെന്നതിനാൽ വ്യക്തമായ സ്ഥലപരിചയമുള്ളവരാകാം പിന്നിലെന്നാണു പൊലീസ് നിഗമനം.