പുതുപ്പള്ളി: കേരള ഇലക്ട്രിക് സൂപ്പർവൈസേഴ്സ് ആൻ്റ് വയർമെൻ അസോസിയേഷൻ (കെസ്‌വ) പുതുപ്പള്ളി യൂണിറ്റ് ഉമ്മൻചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇലക്ട്രിക് മേഖലയിൽ പണിയെടുക്കുന്ന അസംഘിതരായ തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടിയുള്ള സംഘടന അനിവാര്യമാണ്. പുതുപ്പള്ളി ചാരിറ്റബിൾ ക്ലബ് പാവപ്പെട്ടവർക്കായി നിർമ്മിച്ചുനൽകുന്ന വീടുകൾക്ക് സൗജന്യമായി വയറിംഗ് ജോലികൾ നിർവഹിക്കുന്ന കെസ്‌വയുടെ സേവനം അഭിനന്ദനാർഹമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. 70 വയസ് കഴിഞ്ഞ തൊഴിലാളികളെ ചടങ്ങിൽ ആദരിച്ചു. കെസ്‌വ സംസ്ഥാന പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജറൽ സെക്രട്ടറി വി.എം. രമേശ് സംഘടനാസന്ദേശം നൽകി. അസി. എക്സിക്യുട്ടീവ് എൻജിനീയർ ബി.ബിനു വൈദ്യുതി സുരക്ഷ സംബന്ധിച്ച ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിബു ജോൺ, രാധാകൃഷ്ണൻ നായർ, സുഭാഷ് പി. വർഗീസ്, സുനിൽകുമാർ, എബി സി. കുര്യൻ, ജസി ബൻസി, സി.എൻ. സുധീന്ദ്രൻ, കെ.എസ് പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.