t

എരുമേലി : വീട്ടുകാർ ഒന്നര മാസമായി സ്ഥലത്തില്ലാത്തതിനാൽ പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് കയറിയ കള്ളൻ മുറികളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട് തപ്പിയിട്ടും വിലപിടിപ്പുള്ളതൊന്നും കിട്ടിയില്ല. ഇന്നലെ എരുമേലിക്കടുത്ത് കനകപ്പലത്ത് കെ വി പറമ്പിൽ ഫിലിപ്പ് ജോസഫിന്റെ വീട്ടിലാണ് സംഭവം.
താമസമില്ലാത്ത വീടിന്റെ മുറ്റത്ത് ചെരുപ്പുകൾ കണ്ട് സംശയം തോന്നിയ അയൽവാസികൾ മുൻവശത്തെ കതകിന്റെ പൂട്ട് കുത്തിപ്പൊളിച്ച് തുറന്നിട്ടിരിക്കുന്നത് കണ്ട് പൊലീസിൽ അറിയിക്കുകയായിരുന്നു. എരുമേലി എസ് ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ബന്ധുക്കളെ കൂട്ടി വീട് പരിശോധിച്ചു. മുറികളിലും അലമാരകളിലും ഉണ്ടായിരുന്ന വസ്ത്രങ്ങൾ ഉൾപ്പെടെ സാധനങ്ങൾ വലിച്ചുവാരിയിട്ട് പരതിയ നിലയിലായിരുന്നു. വീട്ടിൽ മണിക്കൂറുകളോളം തെരച്ചിൽ നടത്തിയതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. വീട്ടുടമയുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ വിലപിടിപ്പുള്ളതൊന്നും വീട്ടിൽ സൂക്ഷിച്ചിട്ടില്ലെന്ന് അറിയിച്ചു. സ്വർണാഭരണങ്ങളും രേഖകളും മറ്റുമെല്ലാം ബാങ്ക് ലോക്കറിൽ വെച്ചിട്ടാണ് തങ്ങൾ പോയതെന്ന് വീട്ടുടമ അറിയിച്ചു.