പാലാ: മനോദൗർബല്യമുള്ള പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവന്ന നരാധമന്മാരെ പിടികൂടിയത് എ.എസ്.ഐ. സി.ജി. സജികുമാറിന്റെ നിരീക്ഷണത്തെത്തുടർന്ന്. അടുത്തിടെ അയർക്കുന്നം സ്‌റ്റേഷനിലേക്ക് സജികുമാർ സ്ഥലംമാറിയെങ്കിലും കിടങ്ങൂരിലെ പല രഹസ്യ വിവരങ്ങളും നാട്ടുകാർ സജിക്ക് കൈമാറിയിരുന്നു. ഇങ്ങനെയാണ് പെൺകുട്ടിയെ ചിലർ മിഠായിയും മറ്റും കൊടുത്തും മൊബൈൽഫോൺ കാണിച്ചും അടുപ്പമുണ്ടാക്കിയ വിവരം സജിക്ക് ലഭിക്കുന്നത്. തുടർന്ന് പലപ്പോഴായി പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് രഹസ്യ നിരീക്ഷണം നടത്തുകയും പരിസരവാസികളിൽനിന്ന് ലഭിച്ച വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന പീഡനം വെളിവായത്. പ്രതികളായ അഞ്ച് പേരെക്കുറിച്ചും കൃത്യമായ സൂചനകൾ ലഭിച്ചു. പെൺകുട്ടി പ്രതികൾ തന്നെ ഉപദ്രവിച്ച രീതിയും വിവരങ്ങളും തുറന്നുപറയുകയും ചെയ്തു.
ചോക്ലേറ്റ് വാങ്ങി നൽകി തറപ്പേൽ ബെന്നിയാണ് ആദ്യം പീഡിപ്പിച്ചത്. ഒരേദിവസം രണ്ട് പേർവരെ പീഡിപ്പിച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറും കൂലിപ്പണിക്കാരുമൊക്കെയായ പ്രതികളിൽ ചിലർ മൊബൈലിൽ അശ്ലീല ചിത്രങ്ങൾ കാണിച്ചും കുട്ടിയെ പ്രലോഭിപ്പിച്ചതായി കിടങ്ങൂർ പൊലീസ് പറഞ്ഞു. പ്രതികളിൽ വൃദ്ധനായ ദേവസ്യാച്ചൻ പ്രകൃതിവിരുദ്ധ പീഡനത്തിനും വിധേയമാക്കി. പ്രതികളോട് പെൺകുട്ടി വളരെ അടുപ്പം കാണിച്ചതും സംശയങ്ങൾക്കിടയാക്കി. തനിക്ക് ലഭിച്ച വിവരങ്ങളും അന്വേഷണം നടത്തി കണ്ടെത്തിയ കാര്യങ്ങളും സജികുമാർ കിടങ്ങൂർ പൊലീസിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ഇതോടെയാണ് അറസ്റ്റിന് കളമൊരുങ്ങിയത്.