വൈക്കം: ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് വൈക്കം ആശ്രമം സ്‌കൂളിൽ തിരിതെളിഞ്ഞു.15 വേദികളിലായി നാലുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 72 സ്‌കൂളുകളിൽനിന്ന് മൂവായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്. ഇന്നലെ രാവിലെ 9.30ന് പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ കലോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്‌കൃതോത്സവം ജില്ലാ പഞ്ചായത്ത് അംഗം കെ.കെ രഞ്ജിത്തും അറബിക് സാഹിത്യോത്സവം വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വൈ.ജയകുമാരിയും ഉദ്ഘാടനം ചെയ്തു. ചലച്ചിത്രപിന്നണി ഗായകൻ വി.ദേവാനന്ദ് കലോത്സ ആശംസാ ഫലകപ്രകാശനം നിർവ്വഹിച്ചു.ഉപജില്ലാ ശാസ്ത്രമേള വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി സമ്മാനങ്ങൾവിതരണം ചെയ്തു.നഗരസഭ വൈസ് ചെയർപേഴ്‌സൺ എസ്.ഇന്ദിരാദേവി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ രോഹിണിക്കുട്ടി അയ്യപ്പൻ, ആർ.സന്തോഷ്,ബിജു കണ്ണേഴൻ, ബിജിനി പ്രകാശൻ, ജി.ശ്രീകുമാരൻ നായർ, പ്രതിപക്ഷനേതാവ് എം.ടി അനിൽകുമാർ, വൈക്കം എഇഒ പ്രീതാ രാമചന്ദ്രൻ, ആശ്രമം സ്‌കൂൾ പ്രിൻസിപ്പാൾ കെ.വി പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സാംസ്‌കാരികസന്ധ്യ അരങ്ങേറി. 31 ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മാ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതൻ മുഖ്യപ്രഭാഷണം നടത്തുന്ന ചടങ്ങിൽ വൈക്കം എഎസ് പി അരവിന്ദ് സുകുമാർ സമ്മാനവിതരണം നിർവഹിക്കും. കലോത്സത്തിന്റെ വിജയത്തിനായി ക്രമീകരണങ്ങൾ ഏകോപ്പിക്കുന്നതിന് സംഘാടകസമിതി ചെയർമാൻ പി.ശശിധരൻ, ജനറൽ കൺവീനർ കെ.വി പ്രദീപ്കുമാർ, ജോയിന്റ് ജനറൽ കൺവീനർമാരായ ഷാജി ടി.കുരുവിള, പി.ആർ ബിജി, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ആർ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകുന്നു.