പാലാ: ചുവപ്പുനാടയിൽ കുടുങ്ങിയ ഭൂഗർഭ വൈദ്യുതി കേബിൾ പദ്ധതി മാണി സി കാപ്പൻ എം.എൽ.എ ഇടപെട്ടതോടെ അഴിഞ്ഞു. നഗരത്തിലെ വൈദ്യുതി വിതരണം സുഗമമാക്കാൻ ലക്ഷ്യമിട്ട് നിർമ്മാണം തുടങ്ങിയ പദ്ധതിക്ക് ഏതാനും ആഴ്ച മുമ്പ് കെ.എസ്.ടി.പി സ്റ്റോപ്പ് മെമ്മോ നൽകിയതോടെയാണ് ചുവപ്പുനാടയിൽ കുടുങ്ങിയത്. പദ്ധതിക്കായി കെ.എസ്.ഇ.ബി പൊതുമരാമത്ത് വകുപ്പിൽ 84 ലക്ഷം രൂപാ കൈമാറുകയും 60 ശതമാനം പണികൾ പൂർത്തീകരിക്കുകയും ചെയ്‌തപ്പോഴാണ് കെ.എസ്.ടി.പി ഉടക്കുമായി വന്നത്. തങ്ങളുടെ അധീനതയിലാണ് വഴിയെന്നായിരുന്നു കെ.എസ്.ടി.പിയുടെ അവകാശവാദം. 31നകം പദ്ധതി പൂർത്തികരിക്കണമെന്നിരിക്കെയാണ് രണ്ടു വകുപ്പുകൾ തമ്മിൽ തർക്കം ഉടലെടുത്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട മാണി സി കാപ്പൻ ഉദ്യോഗസ്ഥർക്ക് അടിയന്തിരമായി പ്രശ്‌നം പരിഹരിക്കാൻ കർശന നിർദ്ദേശം നൽകി. മുണ്ടുപാലം സബ്‌സ്റ്റേഷൻ മുതൽ അന്ത്യാളംവരെയുള്ള നാല് കിലോമീറ്റർ ദൂരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.