kodikayar-jpg

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വൈക്കത്തഷ്ടമി ഉത്സവത്തിനും ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിനും കൊടിയേറ്റുന്നതിനുള്ള കൊടിക്കയർ തയ്യാറാകുന്നു. വൈക്കം പോളശ്ശേരിയിലെ ഉന്റാശ്ശേരി കുടുംബത്തിനാണ് ഇരു ക്ഷേത്രങ്ങളിലേയും ഉത്സവ കൊടിയേറ്റിനുള്ള കൊടികയർ സമർപ്പിക്കാനുള്ള അവകാശം.രാജാവിനെ കടത്തുവഞ്ചിയിൽ കായൽ കടത്തിവന്നതിന്റെ പാരിതോഷികമായാണ് ഉന്റാശ്ശേരി കുടുംബത്തിന് രാജാവ് കൊടിക്കയർ സമർപ്പിക്കുന്നതിനുള്ള അവകാശം കൽപിച്ചു നൽകിയത്. കഴിഞ്ഞ 58 വർഷമായി ഉന്റാശ്ശേരി കുടുംബത്തിലെ കാരണവരായ യു.എൻ കാർത്തികേയനാണ് 41 ദിവസം വൃതം നോറ്റ് കൊടിക്കയർ തീർത്ത് ഇരു ക്ഷേത്രങ്ങളിലും സമർപ്പിച്ചു വരുന്നത്. ഉന്റാശ്ശേരി തറവാട്ടിൽ ദിവസങ്ങൾ എടുത്താണ് കൊടിക്കയർ പിരിക്കുന്നത്. കൊടിക്കയർ പിരിക്കാനുള്ള പൊതിമടൽ വേമ്പനാട്ടു കായലിൽ പ്രത്യേകം ഒരുക്കിയ സ്ഥലത്ത് ഒരു വർഷത്തോളം മുക്കിയിട്ട് ചീയിച്ചു കറകളഞ്ഞ ശേഷമാണ് തല്ലി ചകിരിയാക്കുന്നത്. പൊൻ നിറമായ ചകിരി ഉപയോഗിച്ചാണ് കൊടിക്കയർ തീർക്കുന്നത്. പോളശ്ശേരി നിവാസികളായ കാർത്ത്യായനി, ചിറയിൽ ലക്ഷ്മി, ഓടാട്ട് രമാപ്രകാശൻ, പാർത്ഥശ്ശേരി കാഞ്ചന, കൊച്ചുന്റാശ്ശേരിയിൽ വസുമതി തുടങ്ങി 15 ഓളം സ്ത്രീകൾ പ്രതിഫലം കൂടാതെയാണ് പിരിച്ചുനൽകിയത്. പിന്നീട് ഉദയനാപുരം പാട്ടത്തിൽ സുമ, പന്നിപ്പറമ്പിൽ രാജമ്മ അശോകൻ എന്നിവരാണ് കയറിൽ ചുവന്ന പട്ടു പൊതിഞ്ഞ് തുന്നിച്ചേർത്ത് കമനിയമാക്കുന്നത്.ഇവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകുന്നത് കാർത്തികേയന്റെ ഭാര്യ പി.ആർ.ഓമനയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിലേയ്ക്ക് 140 അടി നീളമുള്ള രണ്ട് കയറുകളും ഉദയനാപുരം ക്ഷേത്രത്തിലേയ്ക്ക് 130 അടി നീളമുള്ള രണ്ടു കയറുകളുമാണ് സമർപ്പിക്കുന്നത്. നവംബർ മൂന്നിന് രാവിലെ ഇരു ക്ഷേത്രങ്ങളിലേയ്ക്കും താലപ്പൊലി, വാദ്യമേളങ്ങൾ എന്നിവയുടെ അകമ്പടിയോടെ കൊടിക്കയർ സമർപ്പിക്കും.