രാമപുരം: സ്വകാര്യ ബാങ്കുകളിൽ മുക്കുപണ്ടം പണയം വച്ച് പണം കവരുന്ന മൂന്ന് പേരെ രാമപുരം പൊലീസ് അറസ്റ്റു ചെയ്തു. രാമപുരം വളക്കാട്ടുകുന്ന് മുക്കാലിക്കുന്നേൽ ജോയി ജോസഫ് (41), തൊടുപുഴ ചീനിക്കുഴി സ്വദേശികളായ ഇഞ്ചപ്പിള്ളിൽ ബിനുമോൻ ഇ.വി (42), ഇടിച്ചോട്ടിൽ റ്റിനീഷ് തങ്കച്ചൻ (21) എന്നിവരെയാണ് പിടികൂടിയത്. ടൗണിലെ ധനകാര്യസ്ഥാപനത്തിൽ 8 ഗ്രാം തൂക്കം വരുന്ന വള പണയം വച്ച് 20000 രൂപ ഇവർ കൈപറ്റിയിരുന്നു. ഇവർ പോയി കഴിഞ്ഞപ്പോഴാണ് മുക്കുപണ്ടമാണ് പണയം വച്ചതെന്ന് ഉടമയ്ക്ക് മനസിലായത്. 20 ശതമാനത്തിൽ കുറവ് സ്വർണത്തിന്റെ സാന്നിദ്ധ്യമേ ഉണ്ടായിരുന്നുള്ളൂ. ഇന്നലെ നാലു പവനോളം തൂക്കം വരുന്ന മാല പണയം വയ്ക്കാനെത്തിയപ്പോൾ പാലാ ഡിവൈ.എസ്.പിയുടെ നിർദ്ദേശപ്രകാരം രാമപുരം പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. രാമപുരം പ്രിൻസിപ്പൽ എസ്.ഐ. സാജൻ എസ്, എസ്.ഐമാരായ സെബാസ്റ്റ്യൻ, ടോം ജോർജ്, എ.എസ്.ഐമാരായ സാബു, മാധവൻ, സി.പി.ഒമാരായ മധു, ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.