കോട്ടയം: കെട്ടിടനിർമാണത്തിന് അനുമതി ലഭിക്കണമെങ്കിൽ നിർദ്ദിഷ്ട കെട്ടിടത്തിനൊപ്പം സ്വന്തമായി മാലിന്യസംസ്കരണ പ്ലാന്റും മഴവെള്ള സംഭരണിയും ഉണ്ടായിരിക്കണമെന്ന് ചട്ടം. എന്നാൽ ഇതൊക്കെ പൊതുജനത്തിന് മാത്രമേ ബാധകമായിട്ടുള്ളു, തങ്ങളുടെ കാര്യത്തിൽ എന്തുമാകാമെന്നാണ് നഗരസഭയുടെ നിലപാട്.
മുള്ളൻകുഴിയിൽ 24 കുടുംബങ്ങളെ പാർപ്പിച്ചിരിക്കുന്ന ഫ്ലാറ്റ് നിർമിച്ചുനൽകിയത് നഗരസഭയാണ്. അവിടെ മാലിന്യസംസ്കരണപ്ലാന്റുമില്ല, മഴവെള്ള സംഭരണിയുമില്ല. ഫ്ലാറ്റിൽ നിന്നും മറ്റും തൊട്ടടുത്ത ചതുപ്പുനിലത്തേക്ക് വലിച്ചെറിയുന്ന അജൈവമാലിന്യങ്ങൾ അവിടെകിടന്ന് അഴുകിജീർണിച്ച് വെള്ളത്തിനൊപ്പം കലർന്ന് കൈത്തോടുവഴി അത് മീനച്ചിലാറിലും എത്തും. അങ്ങനെ വാർഡിന്റെ വിവിധ കോണുകൾ മാലിന്യകൂമ്പാരങ്ങളായി. മീനന്തറയാറിന് സമീപം വലിയൊരു മാലിന്യ നിക്ഷേപകേന്ദ്രം തന്നെയുണ്ട്. പലവീടുകളിൽ നിന്നുമുള്ള അഴുക്കുചാലും പൊതു ജസ്രോതസുകളിലേക്കാണ് തുറന്നുവച്ചിരിക്കുന്നത്. നഗരത്തിന്റെ ചില ഭാഗങ്ങളിൽ നിന്നും കളക്ടറേറ്റ് പരിസരത്തുനിന്നുമുള്ള മാലിന്യങ്ങളും ഇതുവഴിയാണ് ആറ്റിലേക്ക് ഒഴുകുന്നത്. മനുഷ്യവിസർജ്യമുൾപ്പെടെ എല്ലാ മാലിന്യങ്ങളും അതിലുണ്ടാകും. വേലിതന്നെ വിളവ് തിന്നുമ്പോൾ ഇതൊക്കെ എത്രയൊ നിസാരം.
ഫ്ലാറ്റിൽ തൂമ്പൂർമുഴി പ്ലാന്റ് സ്ഥാപിക്കും
മുള്ളൻകുഴിയിൽ നഗരസഭ നിർമ്മിച്ച ഫ്ലാറ്റിന് സമീപം മാലിന്യസംസ്കരണത്തിന് തൂമ്പൂർമുഴി മാതൃകയിൽ പ്ലാന്റ് സ്ഥാപിക്കും. പ്ലാന്റിന്റെ പ്രവർത്തനം സംബന്ധിച്ച് പ്രദേശവാസികൾക്ക് ബോധവത്കരണം നൽകുക, മാലിന്യം ശേഖരിക്കുന്നതിന് ചുമതലപ്പെട്ടവരെ നിയോഗിക്കുക തുടങ്ങിയ താമസം മാത്രമാണുള്ളത്. വാർഡിൽ മാലിന്യസംസ്കരണത്തിന് വേറെ പദ്ധതികളൊന്നും ഇതുവരെ നടപ്പാക്കായിട്ടില്ല. 1984ൽ നഗസഭ നിർമിച്ചു നൽകിയ 32 അപ്പാർട്ടുമെന്റുകളുടെ കക്കൂസ് ടാങ്ക് പൊട്ടിയൊലിച്ച് പരിസരമാകെ മലിനമാകുന്ന സാഹചര്യമുണ്ടായിരുന്നു. അത് പരിഹരിക്കുന്നതിന് 32 വീടുകൾക്കും വെവ്വേറെ ടാങ്കുകൾ നിർമിച്ചുനൽകി. ഈ പദ്ധതിക്ക് നഗരസഭയുടെ ഭാഗത്തുനിന്ന് സഹായം ലഭിക്കാതെ വന്നപ്പോൾ സംസ്ഥാനസർക്കാർ മുഖേന ക്ലീൻകേരളം മിഷനിൽ നിന്നാണ് ആവശ്യമായ ഫണ്ട് ലഭ്യമാക്കിയത്. റെയിൽവേ ലൈൻ ക്രോസ് ചെയ്തുപോകുന്ന ഒരു ഓടയുടെ നവീകരണം നടക്കേണ്ടതുണ്ട്. വാർഡിലെ ചില കോളനികളിൽ മാലിന്യസംസ്കരണത്തിന് യാതൊരു സൗകര്യവുമില്ല. ഫ്ലാറ്റിന് തൂമ്പൂർമുഴി പ്ലാന്റ് സ്ഥാപിക്കുന്നതോടെ പൊതുസ്ഥലത്തെ മാലിന്യനിക്ഷേപം പൂർണമായും തടയാനാകും. അതിനുശേഷം നിരീക്ഷണ സ്ക്വാഡിനെ നിയോഗിക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.