കോട്ടയം: എം.ജി സർവകലാശാലാ ആക്ടും സ്റ്റാറ്റ്യൂട്ടും മറികടന്ന് അധിക മാർക്ക് നൽകിയത് സിൻഡിക്കേറ്റ് റദ്ദാക്കിയത് വിവാദമായി. ചട്ടപ്രകാരം പ്രത്യേക മോഡറേഷൻ റദ്ദാക്കാൻ ചാൻസലർക്കുമാത്രമേ അധികാരമുള്ളൂ. ആക്ട് ചൂണ്ടിക്കാട്ടി ഇതിനെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചാൽ സ്റ്റേ ലഭിക്കാം. ഇതു മുന്നിൽ കണ്ടാണ് ഇല്ലാത്ത അധികാരം സിൻഡിക്കേറ്റ് പ്രയോഗിച്ചത്. എം.ജി സർവകലാശാലാ ആക്ട് ചാപ്റ്റർ 23, സ്റ്റാറ്റ്യൂട്ട് ചാപ്റ്റർ 35 അനുസരിച്ച് സിൻഡിക്കേറ്റെടുത്ത തീരുമാനങ്ങൾ റദ്ദാക്കാൻ ചാൻസലറായ ഗവർണർക്കാണ് അധികാരം . ചാൻസലർ ബന്ധപ്പെട്ടവരോട് ആദ്യം വിശദീകരണം തേടണം മറ്റു തുടർ നടപടികളെല്ലാം പൂർത്തിയാക്കിയ ശേഷമേ സിൻഡിക്കേറ്റ് എടുത്ത തീരുമാനം റദ്ദാക്കാനാവൂ.
ഏതെങ്കിലും സെമസ്റ്ററിൽ ബി.ടെക് തോറ്റ വിദ്യാർത്ഥിക്ക് അഞ്ചു മാർക്കു കൂട്ടി കൊടുക്കാൻ എം.ജി സർവകലാശാലാ സിൻഡിക്കേറ്റ് അജൻഡയ്ക്ക് പുറത്തുള്ള ഐറ്റമായി തീരുമാനമെടുത്തത് വലിയ വിവാദമായതോടെ റദ്ദാക്കുകയായിരുന്നു. നിയമപരമായി നിലനിൽപ്പ് ഇല്ലെന്ന് അറിഞ്ഞു കൊണ്ടാണ് ഇങ്ങനെ ചെയ്തത് .ഇതിനെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുന്നതോടെ സർവകലാശാലയ്ക്ക് പ്രശ്നത്തിൽ നിന്ന് തലയൂരാനാവും. സിൻഡിക്കേറ്റ് തീരുമാനപ്രകാരം 119 കുട്ടികൾ അഞ്ചു മാർക്ക് പ്രത്യേക മോഡറേഷൻ വാങ്ങി ജയിച്ചിരുന്നു. 69 പേർ ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി ഡിഗ്രി സർട്ടിഫിക്കറ്റ് വാങ്ങി. പ്രൊവിഷണൽ സർട്ടിഫിക്കറ്റേ നൽകിയുള്ളുവെന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള അപേക്ഷകൾ ഒരു വർഷത്തിലേറെയായി കെട്ടിക്കിടക്കുമ്പോഴാണ് സർവകലാശാല ആസ്ഥാനത്തെത്തി അപേക്ഷ നൽകി അന്നു തന്നെ പലരും ഡിഗ്രി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. ഫാസ്റ്റ് ട്രാക്കിൽ സർട്ടിഫിക്കറ്റിന് 20 ദിവസം വേണം. തിരക്കു കാരണം ഇത് ഒരു മാസത്തിലേറെ നീളുന്നുണ്ട്. മാർക്കു ദാനം വഴി ജയിച്ചവർക്ക് ഡിഗ്രി സർട്ടിഫിക്കറ്റ് പെട്ടെന്ന് ലഭിച്ചതിന് പിന്നിലും സിൻഡിക്കേറ്റ് അംഗങ്ങളുടെ ഇടപെടലുണ്ടായെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ പഠനത്തിനും ജോലിക്കും ആവശ്യമായ ട്രാൻസ്ക്രിപ്പ്റ്റ് സർട്ടിഫിക്കറ്റും പലരും കൈപ്പറ്റി. വിവാദമായതോടെ ഡിഗ്രി സർട്ടിഫിക്കറ്റിനുള്ള 84 അപേക്ഷകൾ പരിഗണിക്കുന്നത് മരവിപ്പിച്ചു. ഡിഗ്രി സർട്ടിഫിക്കറ്റും ട്രാൻസ് ക്രിപ്റ്റും വിതരണം ചെയ്തതിനാൽ അസാധുവാക്കുക ബുദ്ധിമുട്ടാണ്. വിദേശ സർവകലാശാലകളിൽ അടക്കം ബിരുദാനന്തര പഠനമാരംഭിച്ച കുട്ടികൾ കോടതിയെ സമീപിക്കുന്നതോടെ പന്ത് കോടതിയുടെ കോർട്ടിലാകും. ഉന്നതർ ആഗ്രഹിക്കുന്നതും ഇതാണ്.