പൊൻകുന്നം : പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയുടെ രണ്ടാംഘട്ടമായ പൊൻകുന്നം - പുനലൂർ റോഡിന്റെ നിർമ്മാണം തുടങ്ങിയിട്ടും പൊൻകുന്നം - പ്ലാച്ചേരി റീച്ചിന്റെ പണികൾ തുടങ്ങാൻ വൈകുന്നു. കരാർ നടപടികൾ പൂർത്തിയായിട്ടും ഉദ്ഘാടനം നടക്കാത്തതാണ് കാരണമെന്നാണ് കെ.എസ്.ടി.പി. അധികൃതരുടെ വിശദീകരണം. നിർമ്മാണം പുരോഗമിക്കുന്ന കോന്നി - പ്ലാച്ചേരി റീച്ചിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. ഇവിടെയും മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടകൻ. ഉപതിരഞ്ഞെടുപ്പുകളാണ് ഉദ്ഘാടനം വൈകാൻ കാരണമായി പറയുന്നത്. ഇനി തിരക്കിട്ട് ഉദ്ഘാടനം നടത്തിയാലും ശബരിമല തീർത്ഥാടനകാലമായതിനാൽ അടുത്ത മൂന്നുമാസത്തേക്ക് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നകാര്യം ബുദ്ധിമുട്ടിലാകും. പൊൻകുന്നം, ചെറുവള്ളി , മണിമല വഴിയാണ് പ്ലാച്ചേരിയിലെത്തുന്നത്. പ്രധാന ഇടത്താവളങ്ങളായ ചിറക്കടവ് ,ചെറുവള്ളി ക്ഷേത്രങ്ങൾ ഇവിടെയായതിനാൽ തീർത്ഥാക തിരക്കേറെയാണ്.
യാത്രയും ബുദ്ധിമുട്ടിൽ
റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഇരുവശങ്ങളിൽ നിന്നു മുറിച്ചിട്ട മരങ്ങളുടെ ശിഖരങ്ങളും കുറ്റിയും വേരും റോഡിലുപേക്ഷിച്ചിട്ട് പ്രധാന തടി മാത്രമാണ് ലേലം കൊണ്ടവർ കൊണ്ടുപോയത്. ഇതുമൂലം ഇതുവഴിയുള്ള യാത്രയും ബുദ്ധിമുട്ടിലാണ്. തീർത്ഥാടകരുടെ വാഹനങ്ങൾ ഇടമുറിയാതെ ഒഴുകിയെത്തുന്ന മണ്ഡലമകരവിളക്കുകാലത്ത് നിർമ്മാണപ്രവർത്തനങ്ങൾ നടത്തരുതെന്നാണ് ആവശ്യം.
അടങ്കൽ തുക : 236.79 കോടി
ദൂരം : 22.173 കിലോമീറ്റർ