കോട്ടയം: വാറ്റ് നികുതിക്കാലത്തെ കണക്കിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലയിൽ നടത്തിയ ഹർത്താൽ പൂർണം. ആയിരക്കണക്കിന് വ്യാപാരികൾ കടയടച്ചിട്ട ശേഷം കളക്ടറേറ്റിലെ ജി.എസ്.ടി ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. രാവിലെ എം.എൽ റോഡിലെ വ്യാപാരി ഭവനിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി കളക്‌ടറേറ്റിനു മുന്നിൽ എത്തി. മാർച്ച് തടയാൻ കളക്‌ടറേറ്റിനു മുന്നിൽ വൻ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും പ്രകോപനമുണ്ടാക്കാതെ വ്യാപാരികൾ ധർണ നടന്ന സമരപ്പന്തലിലേയ്‌ക്കു നീങ്ങി. ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. തോമസുകുട്ടി ഉദ്ഘാടനം ചെയ്‌തു. ട്രഷറർ ഇ.ടി. ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി എ.കെ.എൻ. പണിക്കർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റുമാരായ വി.എ. മുജീബ് റഹ്മാൻ, വി.പി. അബ്‌ദുൾലത്തീഫ്, സെക്രട്ടറിമാരായ കെ.ജെ.മാത്യു, വി.സി.ജോസഫ്, കെ.എ.വർഗീസ്, ഫിലിപ്പ് മാത്യു തരകൻ, ജോൺ പോൾ, വിനോദ് മർക്കോസ്, കെ.ടി. ആൻഡ്രു, രാജൻ തോപ്പിൽ, ഇഗ്‌നിഷ്യേസ് തൈയ്യിൽ, റബേക്ക ജോർജ്, അനൂപ് ജോർജ് എന്നിവർ സംസാരിച്ചു. ഉച്ചയോടെയാണ് ധർണ അവസാനിപ്പിച്ച് വ്യാപാരികൾ പിരിഞ്ഞു പോയത്.