കോട്ടയം: വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതോപകരണങ്ങളുടെ യഥാർത്ഥ ലോഡ് (ഉപകരണങ്ങളുടെ വാട്‌സ്) വൈദ്യുതി ഓഫീസുകളിൽ രേഖാ മൂലം അറിയിക്കാത്തവർക്ക് ഷോക്ക് ട്രീറ്റ്‌മെന്റുമായി കെ.എസ്.ഇ.ബി. 31നകം ഇത് രേഖപ്പെടുത്തണമെന്നാണ് കർശന നിർദേശം . ഇതിനുശേഷം പരിശോധന കർശനമാക്കുമെന്നും പിടിക്കപ്പെട്ടാൽ കനത്ത പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.

വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വൈദ്യുതി കണ്ഷൻ ലഭിക്കുമ്പോൾ ഇത്തരത്തിൽ കണക്ടഡ് ലോഡ് സംബന്ധിച്ച വിവരങ്ങൾ നൽകുന്നുണ്ട്. അതിനു ശേഷം അധികമായി പോയിന്റുകൾ കൂട്ടിച്ചേർത്തവർക്കാണ് പുതിയ നിർദേശം ബാധകമാവുക. വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് സെക്ഷൻ ഓഫിസുകളിൽ പ്രത്യേക അപേക്ഷാഫോം ലഭിക്കും. ഇതിൽ ഉപകരണങ്ങളുടെ എണ്ണവും വാട്‌സും രേഖപ്പെടുത്തി നൽകിയാൽ മതി. ഇപ്പോൾ ഈ സേവനം സൗജന്യമാണെങ്കിലും 31ന് ശേഷം ഇത്തരം വിവരങ്ങൾ രേഖപ്പെടുത്തണമെങ്കിൽ അംഗീകൃത വയർമാന്റെ പരിശോധനാ റിപ്പോർട്ടും ഒരു കിലോവാട്ട് രേഖപ്പെടുത്തുന്നതിന് 300 രൂപ നിരക്കിൽ പിഴയും നൽകണം.