കടനാട് : നീലൂർ പൊട്ടൻപ്ലാക്കൽ ഞള്ളിക്കുന്ന് റോഡ് പണിയുടെ മറവിൽ ലക്ഷക്കണക്കിന് രൂപയുടെ കരിങ്കല്ല് കടത്തിയ സംഭവത്തെച്ചൊല്ലി കടനാട് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ബഹളം. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തിലെ ഭരണപക്ഷാംഗങ്ങൾ കൂടി ഇക്കാര്യത്തിൽ കൃത്യമായ നിയമ നടപടികൾ വേണമെന്നാവശ്യപ്പെട്ടതോടെ പ്രസിഡന്റ് ജയ്‌സൺ പുത്തൻ കണ്ടം പൊട്ടിത്തെറിച്ചു. ഒരു വിധം ഒതുങ്ങിപ്പോയ വിഷയം ഇനിയും കുത്തിപ്പൊക്കിയാൽ എല്ലാവരും കുടുങ്ങുമെന്നായിരുന്നു പ്രസിഡന്റിന്റെ പ്രതികരണം. ഇക്കാര്യത്തിൽ ഒരു ബാദ്ധ്യതയും ഏൽക്കാൻ തങ്ങളെ കിട്ടില്ലെന്ന് ഭരണപക്ഷാംഗം കൂടിയായ അഡ്വ. ആന്റണി ഞാവള്ളി തുറന്നടിച്ചു.
കരിങ്കല്ല് കടത്തിനെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ഉയർത്തിക്കാട്ടി കുറുമണ്ണ് വാർഡ് മെമ്പറും സി.പി.എം പ്രതിനിധിയുമായ വി.ജി.സോമനാണ് വിഷയം ശ്രദ്ധയിൽ കൊണ്ടുവന്നത്. വാർത്ത കൊടുത്തത് കമ്മിറ്റിയിലെ ആരാണെന്നായിരുന്നു സോമന്റെ ചോദ്യം. വാർത്തയിലൂടെ ചൂണ്ടിക്കാട്ടിയ കാര്യങ്ങളുടെ നിജസ്ഥിതിയാണ് അന്വേഷിക്കേണ്ടതെന്നും കരിങ്കല്ല് കടത്തി ലക്ഷങ്ങൾ സമ്പാദിച്ചവർക്ക് മാത്രമേ വേവലാതിപ്പെടേണ്ടതുള്ളൂവെന്നും മുൻ പ്രസിഡന്റും കോൺഗ്രസ് അംഗവുമായ സണ്ണി മുണ്ടനാട്ട് പറഞ്ഞു.

സെക്രട്ടറി നൽകിയ പരാതിയിൽ അന്വേഷണമുണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണം ഊർജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് പൊലീസിന് വീണ്ടും കത്തു നൽകാമെന്ന് സെക്രട്ടറി പറഞ്ഞു. ആരെങ്കിലും അഴിമതി കാണിച്ചിട്ട് എല്ലാവരേയും കുടുക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും വിവാദ റോഡ് എത്രയും വേഗം നന്നാക്കണമെന്നും കേരളാ കോൺഗ്രസ് പ്രതിനിധി ട്രീസമ്മ തോമസ് ആവശ്യപ്പെട്ടു. ബഹളം മൂർച്ഛിതോടെ പ്രസിഡന്റ് അജണ്ടയിലെ അടുത്ത വിഷയത്തിലേക്ക് കടന്നു.

നടപടിക്ക് നിർദ്ദേശം : ഡി.ഡി.പി
കരിങ്കല്ല് കടത്തൽ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയെന്നും കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ബിനു ജോൺ പറഞ്ഞു. പഞ്ചായത്ത് വക വസ്തുക്കളുടെ ഉത്തരവാദിത്തം സെക്രട്ടറിക്കാണ്. പൊലീസ്, റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മുഴുവൻ നിയമ നടപടികളും സ്വീകരിച്ച് റിപ്പോർട്ട് ചെയ്യാനാണ് സെക്രട്ടറിക്ക് നിർദ്ദേശം കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.