കോട്ടയം: രണ്ടു മാസം മുൻപ് ജില്ലയിലുണ്ടായ രണ്ടാം പ്രളയത്തിൽ ജില്ലയിൽ 37 റോഡുകൾ തകർന്നതായി പൊതുമരാമത്ത് വകുപ്പ്. മൂന്നു മാസം കഴിഞ്ഞിട്ടും ഈ റോഡുകളുടെ അറ്റകുറ്റപണി നടത്താൻ ഒരു രൂപ പോലും സർക്കാർ അനുവദിച്ചിട്ടില്ല.
കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തെ അതിജീവിക്കും മുൻപായിരുന്നു രണ്ടാം പ്രളയം. ആദ്യ പ്രളയത്തിൽ ജില്ലയിലെ നൂറിലേറെ റോഡുകൾ പൂർണമായും നൂറ്റമ്പതോളം റോഡുകൾ ഭാഗീകമായും തകർന്നിരുന്നു. ഇവയിൽ അറുപത് ശതമാനത്തിന്റെ മാത്രം അറ്റകുറ്റപണി പൂർത്തിയായപ്പോഴേയ്‌ക്കും കനത്ത മഴ എത്തി. ഇതോടെ ഈ റോഡുകളും ഏതാണ്ട് പൂർണമായും തകർന്നു.
കുമരകം, മുണ്ടക്കയം, എരുമേലി പ്രദേശങ്ങളിലെ ഇട റോഡുകളും, ആറുകളോടും പുഴകളോടും ചേർന്നു കിടക്കുന്ന റോഡുകളുമാണ് പൂർണമായും തകർന്നത്. കുമരകം മേഖലയിൽ മാത്രം എട്ട് റോഡുകളാണ് ഇപ്പോഴും തകർന്നു കിടക്കുന്നത്. മുണ്ടക്കയം മേഖലയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ട നാല് റോഡുകൾ ഗതാഗത യോഗ്യമാക്കിയെങ്കിലും ഗട്ടറുകൾ ശേഷിക്കുന്നു.
തകർന്ന റോഡുകൾ
കോട്ടയം - 12
ചങ്ങനാശേരി -2
കാഞ്ഞിരപ്പള്ളി- 11
വൈക്കം - 6
പാലാ - 6
രണ്ടാം പ്രളയത്തിൽ
തകർന്നത്
37 റോഡുകൾ
റോഡ് നവീകരണത്തിനായി ഇതുവരെയും ഫണ്ട് അനുവദിച്ചിട്ടില്ല. അതത് സബ് ഡിവിഷനുകളിൽ നിന്നും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇതിനു ശേഷം ഫണ്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അസി.എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്