അടിമാലി: പുനരധിവാസം വൈകുന്നതിനിടെ പെരിഞ്ചാംകൂട്ടി വനഭൂമിയിൽ ആദിവാസികൾ കുടിൽകെട്ടി താമസം ആംഭിച്ചു. 2012 ൽ ഇവിടെ നിന്നും കുടിയിറക്കിയ കുടുംബങ്ങളാണ് കുടിൽകെട്ടി താമസം ആരംഭിച്ചിരിക്കുന്നത്. സർക്കാർ ഉത്തരവും കോടതി വിധിയും ഉണ്ടായിരുന്നിട്ടും പുനരധിവാസത്തിന് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണ് ആദിവാസി കുടുംബങ്ങൾ വനത്തിൽ കുടിൽകെട്ടി താമസം ആരംഭിച്ചിരിക്കുന്നത്.2009 ൽ ആദിവാസി പുനരധിവാസ പദ്ധതിയിൽ പെരിഞ്ചാം കൂട്ടിയിൽ പുനരധിവസിപ്പിച്ച കുടുംബങ്ങളെ വനം, റവന്യൂ വകുപ്പുകൾ തമ്മിലുള്ള തർക്കത്തിന്റെ 2012 ൽഇവിടെ നിന്നും കുടിയിറക്കി. ഇതോടെ ജീവിതം വഴിമുട്ടിയ ആദിവാസികൾ ഇടുക്കി കളക്ട്രേറ്റ് പടിക്കൽ സമരം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ഏഴ് വർഷമായി സമരം തുടർന്ന് വരികയുമാണ്. ഇതിനിടയിൽ 2017ൽ ആദിവാസികൾ കുടിയേറിയത് റവന്യൂ ഭൂമിയാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതിന് ശേഷം ഇവരെ ഇവിടെ പുനരധിവസിപ്പിക്കുന്നതിന് നടപി സ്വീകരിക്കാൻ ക്യാബിനറ്റ് യോഗം ചേർന്ന് ഉത്തരവിറക്കി. എന്നാൽ അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ല. കിടപ്പാടവും കൃഷിയുമില്ലാതെ ജീവിതം വഴിമുട്ടിയ സാഹചര്യത്തിലാണ് ഇന്നലെ പുലർച്ചയോടെ 35 ഓളം വരുന്ന ആദിവാസി വിഭാഗത്തിൽ പെട്ടവർ വനമേഖലയിലെത്തി കുടിൽകെട്ടി താമസം ആരംഭിച്ചത്.അടിമാലി റേഞ്ച് ഫോറസ്റ്റ് ഓഫിസറുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി.
പെരിഞ്ചാം കൂട്ടിയിൽ പുനരധിവസിപ്പിച്ച കുടുംബങ്ങളെ വനം, റവന്യൂ വകുപ്പുകൾ തമ്മിലുള്ള തർക്കത്തിന്റെ 2012 ൽഇവിടെ നിന്നും കുടിയിറക്കി
കോടതി ഉത്തരവും സർക്കാർ ഉത്തരവും ഉണ്ടായിരുന്നിട്ടും എന്താണ് ഇവരുടെ പുനരധിവാസത്തിന് കാലതാമസമെന്ന ചോദ്യത്തിന് ജില്ലാ ഭരണകൂടത്തിന് അടക്കം മറുപടിയില്ല.
മരിക്കേണ്ടി വന്നാലും ഇവിടെ നിന്നും ഇനി ഇറങ്ങില്ലെന്ന തീരുമാനത്തിലാണ് ആദിവാസി കുടുംബങ്ങൾ.