കോട്ടയം: ഹാമർ തലയിൽ വീണ് മരിച്ച അഫീലിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും ആക്ഷൻ കൗൺസിലും നിവേദനം നൽകി. ആഫീലിന്റെ പിതാവ് ജോൺസൺ ജോർജ്, ബന്ധു സാംസൺ ജോർജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്കാണ് കഴിഞ്ഞ ദിവസം നിയമസഭ കാര്യാലയത്തിലെത്തി പരാതി നൽകിയത്.

കായികമേളയിലെ അപകടം സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണം. രാജ്യാന്തരകളിക്കാരൻ വരെ ആകേണ്ടിയിരുന്ന മികച്ച ഫുട്‌ബോൾ താരമായിരുന്ന അഫീലിന്റെ കുടുംബത്തിന് സർക്കാർ നൽകാമെന്ന് പറഞ്ഞിട്ടുള്ളത് തുച്ഛമായ സാമ്പത്തികസഹായം മാത്രമാണ്. ദുർബലവകുപ്പ് അനുസരിച്ചാണ് സംഘാടകർക്കെതിരെ കേസ് എടുത്തിട്ടുള്ളത്‌. ആരയോ രക്ഷിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും പരാതിയിൽ പറയുന്നു.

അഫീൽ ആക്ഷൻ കൗൺസിലിനുവേണ്ടി കൺവീനർ ജോസഫ് ജേക്കബ്, കമ്മിറ്റി അംഗം ഷൈൻ പാറയിൽ, മൂന്നിലവ് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് ജോഷി ജോഷ്വാ എന്നിവരും പരാതി നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കായികമന്ത്രി ഇ.പി. ജയരാജൻ, പട്ടികജാതിപട്ടികവകുപ്പ് മന്ത്രി എ.കെ. ബാലൻ, ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പാലാ എം..എൽ..എ മാണി സി. കാപ്പൻ എന്നിവർക്കാണു ആക്ഷൻ കൗൺസിൽ പരാതി നൽകിയത്.