കോട്ടയം: ചിങ്ങവനം - ഏറ്റുമാനൂർ പാത ഇരട്ടിപ്പിക്കലിനായി അതിവേഗം സ്ഥലം ഏറ്റെടുത്ത റവന്യൂ വകുപ്പിന്റെ സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തിന് അഭിനന്ദനം അറിയിച്ച് റയിൽവേ ചീഫ് എൻജിനീയർ ഷാജി സഖറിയ കത്തയച്ചു. വിജ്‌ഞാപനം പുറപ്പെടുവിച്ച് ഒരു വർഷം പൂർത്തിയാകും മുൻപേ റവന്യൂ വകുപ്പ് സ്ഥലം കൈമാറിയിരുന്നു. മതിയായ രേഖകൾ ഹാജരാക്കി ആറു കുടുംബങ്ങളുടെ 0.721 ഹെക്‌ടർ സ്ഥലം കൂടി ഏറ്റെടുത്താൻ കായംകുളം - എറണാകുളം പാതയിലെ മുഴുവൻ സ്ഥലം പാതയിരട്ടിപ്പിക്കലിനായി റെയിൽവേയ്‌ക്ക് കൈമാറും.
ചിങ്ങവനം - ഏറ്റുമാനൂർ പാത ഇരട്ടിപ്പക്കിലിനായി 211 പേരുടെ 4.2648 ഹെക്‌ടർ സ്ഥലമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിൽ മുട്ടമ്പലം വില്ലേജിലെ ആറു കുടുംബങ്ങളുടെ ഒഴികെ ബാക്കി സ്ഥലവും ഏറ്റെടുത്ത് റെയിൽവേയ്‌ക്ക് കൈമാറി. ഈ സ്ഥലം രണ്ടു ദിവസത്തിനുള്ളിൽ കൈമാറും. കഴിഞ്ഞ വർഷം നവംബറിലാണ് പാത ഇരട്ടിപ്പിക്കലിനായി സ്ഥലം ഏറ്റെടുക്കലിന് വിജ്ഞാപനം പുറപ്പെടുവിച്ചത്. സ്ഥലം ഏറ്റെടുപ്പിന്റെ പ്രാഥമിക നടപടികളെല്ലാം കഴിഞ്ഞ മാസം 30 ന് പൂർത്തിയാക്കി. തുടർന്ന് ഈ മാസം 24 നകം സ്ഥലം പൂർണമായും ഏറ്റെടുത്ത ശേഷം റെയിൽവേയ്‌ക്ക് കൈമാറുകയും ചെയ്‌തു. ഷാജി സഖറിയയുടെ കത്ത് , റെയിൽവേ വിഭാഗം ജില്ലാ കളക്‌ടർക്ക് കൈമാറി. ഈ കത്തിന്റെ പകർപ്പ് ലാൻഡ് അക്യുസിഷൻ തസഹീൽദാർ മോൻസി പി.അലക്‌സാണ്ടറിനും, റെയിൽവേ സ്ഥലം ഏറ്റെടുപ്പ് വിഭാഗം തഹസീൽദാർ സോളി മനോജിനും കൈമാറി.
ഇനി ഏറ്റെടുക്കാനുള്ള മുട്ടമ്പലത്തെ ആറു കുടുംബങ്ങളുടെ സ്ഥലം മാത്രമാണ്. ഈ കുടുംബങ്ങൾക്ക് ഇതുവരെയും സ്ഥലത്തിന്റെ മതിയായ രേഖകൾ ഹാജരാക്കാൻ സാധിച്ചിട്ടില്ല. ഇവരിൽ നിന്നും കരാർ ഒപ്പിട്ട് വാങ്ങിയ ശേഷം പണം നൽകാനാണ് ശ്രമം നടക്കുന്നത്. ആവശ്യമെങ്കിലിൽ തുക കോടതിയിൽ കെട്ടിവെച്ച ശേഷം, ഇവരെ ഒഴിപ്പിക്കും.
മേൽനോട്ടവുമായി മുഖ്യമന്ത്രി
സംസ്ഥാനത്തെ പാതഇരട്ടിപ്പിക്കൽ പൂർത്തിയാക്കുന്നതിനായി ചിങ്ങവനം - ഏറ്റുമാനൂർ പാതയുടെ സ്ഥലം ഏറ്റെടുപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് മേൽനോട്ടം വഹിച്ചത്. സ്ഥലം ഏറ്റെടുപ്പ് വൈകുന്നതായും, രണ്ടാം പാതയുടെ നിർമ്മാണ ജോലികൾ റെയിൽവേ ഉപേക്ഷിക്കുന്നതായും വാർത്തകൾ വന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരിട്ട് രംഗത്ത് എത്തിയത്.