വൈക്കം: പ്രളയത്തിന്റെ ഓർമ്മപ്പെടുത്തലുമായി ബദരിനാഥ് വരച്ച ചിത്രങ്ങൾ കാഴ്ചക്കാർക്ക് വേറിട്ട അനുഭവമായി. വൈക്കം ആശ്രമം സ്‌കൂളിലെ പ്ലസ് 2 വിദ്യാർത്ഥിയാണ് ബദരിനാഥ്. ഈ കൊച്ചു കലാകാരൻ 17 വയസ്സിനുള്ളിൽ ഒട്ടനവധി ചിത്രങ്ങൾ വരയ്ക്കുകയും അതിന്റെ പ്രദർശനങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. ആശ്രമം സ്‌കൂളിൽ നടക്കുന്ന 60ാമത് വൈക്കം ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ് എന്നീ മൂന്നു വിഭാഗത്തിലും പങ്കെടുത്ത ബദരിനാഥ് മൂന്ന് വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
ഇത്തവണ വരച്ച ഓയിൽ പെയിന്റിംഗ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരമ്മയുടെ കര തേടിയുള്ള യാത്രയെ ഓർമ്മപ്പെടുത്തുന്ന ചിത്രമാണ് സമ്മാനാർഹമായത് .
ഈ യുവ ചിത്രകാരന്റെ കഴിവിനെ ആദരിക്കുന്നതിന്റെ ഭാഗമായി ബദരീനാഥിന്റെ രചനകളുടെ ഒരു ചിത്രപ്രദർശനം പ്രത്യേകമായി സ്‌കൂളിൽ തയ്യാറാക്കിയിട്ടുണ്ട്. കലോത്സവം ഉദ്ഘാടനം ചെയ്ത സിനിമാ പിന്നണി ഗായകൻ മധു ബാലകൃഷ്ണനാണ് ബദരിയുടെ ചിത്ര പ്രദർശനശാലയുടെ ഉദ്ഘാടനവും നിർവ്വഹിച്ചത്.കേരളത്തിൽ പേരുകേട്ട ചിത്രരചനാ ഗുരുവായ കേരളവർമ്മ സാറിന്റെയും മകൻ കൃഷ്ണകുമാർ വർമ്മയുടെയും ശിക്ഷണത്തിൽ സ്ഥപതിയിലാണ് ബദരിനാഥ് ചിത്രകല അഭ്യസിയ്ക്കുന്നത്. പ്രകൃതി സ്‌നേഹിയായ ഈ കലാകാരന്റെ ചിത്രങ്ങളിൽ കൂടുതലും പ്രകൃതിയുടെ നേർക്കാഴ്ചകളാണ്.അച്ഛൻ ജയകുമാർ, അമ്മ സജിത, അനുജൻ ആദിനാഥ്, മുത്തശ്ശി എന്നിവർ ചിത്രരചനയ്ക്ക് വേണ്ട പിന്തുണയും പ്രോത്സാഹനം നൽകുന്നത്.