വൈക്കം: ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ നൂറിലധികം കലാകാരന്മാർ പങ്കെടുത്ത സാംസ്‌കാരികസന്ധ്യയുടെ ഉദ്ഘാടനം വേറിട്ടൊരു കാഴ്ചയായി. മുതിർന്ന കലാകാരനും സംഗീതജ്ഞനുമായ വൈക്കം വാസുദേവൻ നമ്പൂതിരി നൃത്തരംഗത്തും, ചിത്രരചനയിലും, അഭിനയകലയിലും മികവ് പുലർത്തിയ ഇളം തലമുറക്കാരനായ രണ്ടാം ക്ലാസ് വിദ്യാർത്ഥി ആൽഫിൻ ജെ. തൂഫാന് ദീപം പകർന്നു നൽകിയാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. കലാരംഗത്ത് ശ്രദ്ധേയരായ രണ്ട് തലമുറയെ സദസ്സിന് പരിചയപ്പെടുത്തുന്നതായിരുന്നു ഉദ്ഘാടന ചടങ്ങ്.
നഗരസഭാ കൗൺസിലർ അഡ്വ. അംബരീഷ് ജി. വാസു അദ്ധ്യക്ഷത വഹിച്ചു. നാല് മണിക്കൂർ നീണ്ട സാംസ്‌കാരിക സന്ധ്യയിൽ ഓരോ കലാകാരന്മാരും അവരവരുടെ മേഖലയിലെ കലാവൈഭവം വേദിയിൽ പ്രകടമാക്കി. വൈക്കം ക്ഷേത്രം മേൽശാന്തി തരണി ഡി. നാരായണൻ നമ്പൂതിരി സ്‌കൂൾ കലോത്സവത്തെ ആധാരമാക്കി എഴുതിയ കവിത ചൊല്ലി.
കലാ സാംസ്‌കാരിക പ്രതിഭകളായ ബി. ഹരികൃഷ്ണൻ, അക്കരപ്പാടം രാജൻ, സുബ്രഹ്മണ്യൻ അമ്പാടി, എം. കെ. ഷിബു, സാബു കോക്കാട്ട്, വൈക്കം പി. ദേവ്, സാംജി ടി. വി. പുരം, സ്‌കൂൾ അധികൃതരായ പി. ആർ. ബിജി, കെ. വി. പ്രദീപ് കുമാർ, ഷാജി ടി. കുരുവിള, പി. ടി. ജിനീഷ്, റെജി. എസ്. നായർ എന്നിവർ പങ്കെടുത്തു.