വൈക്കം: വൈക്കം ഉപജില്ലാ സ്‌കൂൾ കലോത്സവ വേദികളെ നൃത്ത സംഗീത പരിപാടികൾ മുഖരിതമാക്കി.എൽ.പി. മുതൽ ഹയർ സെക്കൻഡറിവരെയുള്ള കുട്ടികളുടെ ഭരതനാട്യ അവതരണം നടന്ന ഒന്നാം വേദിയിൽ രാവിലെ മത്സരാരംഭം മുതൽ വിദ്യാർഥികളുടെ മികച്ച പ്രകടനമാണുണ്ടായത്. രണ്ടാം വേദിയിൽ വിവിധ സംഘങ്ങൾ അവതരിപ്പിച്ച മൂകാഭിനയം പ്രേക്ഷകർ നിറഞ്ഞ കരഘോഷത്തോടെ ആസ്വദിച്ചു. എൽ.പി, യു.പി, ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ലളിത ഗാന മത്സരവും മികവു പുലർത്തി. വ്യാഴാഴ്ച കലോത്സവത്തിനു തിരശീല വീഴും. വൈക്കം ആശ്രമം സ്‌കൂളിൽ 15 വേദികളിലായി നാലുദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ 72 സ്‌കൂളുകളിൽനിന്ന് മൂവായിരത്തോളം കലാപ്രതിഭകളാണ് മാറ്റുരക്കുന്നത്.