-afeel
afeel

പാലാ: സംസ്ഥാന ജൂനിയർ അത് ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥി അഫീൽ മരിച്ച സംഭവത്തിൽ സംഘാടകരെ അറസ്റ്റ് ചെയ്യും. സംഘാടകരും മത്സരം നിയന്ത്രിച്ച വിധികർത്താക്കളും ഉൾപ്പെടെ അത്ലറ്റിക് അസോസിയേഷന്റെ നാല് ഭാരവാഹികളോട് ഇന്ന് പാലാ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ നോട്ടീസ് നൽകി. റഫറി മുഹമ്മദ് കാസിം, ത്രോ ജഡ്ജ് ടി.ഡി. മാർട്ടിൻ, സിഗ്‌നൽ ചുമതലയുണ്ടായിരുന്ന കെ.വി. ജോസഫ്, പി. നാരായണൻകുട്ടി എന്നിവർക്കെതിരെയാണ് കേസെടുക്കാൻ തീരുമാനമെടുത്തിട്ടുള്ളത്. അപകട സാദ്ധ്യതയുള്ള ഹാമർ ത്രോ, ജാവലിൻ എന്നിവ ഒരുമിച്ച് ഒരേ ദിശയിൽ നടത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കായികവകുപ്പ് നടത്തിയ അന്വേഷണത്തിൽ സംഘാടകരെ രക്ഷിക്കാൻ ഊർജിത ശ്രമം നടത്തിയതായി ആക്ഷേപം ഉയർന്നിരുന്നു. തെളിവുകൾ ഇല്ലാതാക്കി സംഭവത്തിന് ഉത്തരവാദികളായവരെ രക്ഷപ്പെടുത്താൻ നീക്കം നടക്കുന്നതായി അഫീലിന്റെ രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നു. ഇവർ മുഖ്യമന്ത്രിയെ നേരിൽക്കണ്ട് പരാതി നൽകാനിരിക്കെയാണ് പൊലീസിന്റെ ഊർജിത നീക്കം. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം ലഭിച്ചാലുടൻ പാലാ പൊലീസ് അറസ്റ്റിലേയ്ക്കു നീങ്ങും.