ചെങ്ങന്നൂർ: പരുമല തീർത്ഥാടകർക്ക് വിപുലമായ സൗകര്യങ്ങളൊരുക്കാൻ ചെങ്ങന്നൂർ നഗരസഭ കൗൺസിൽ തീരുമാനം. നഗരസഭയുടെ രണ്ടു ഭാഗങ്ങളിലായി മെഡിക്കൽ എയ്ഡ് പോസ്റ്റ്, ഇൻഫർമേഷൻ സെന്റർ, വിശ്രമകേന്ദ്രം എന്നിവ പ്രവർത്തിക്കും. കരുവേലിപ്പടി മുക്കത്ത് കുടുംബയോഗ ഹാൾ, എൻജി‌നിയറിംഗ് കോളേജ് ജംഗ്ഷനിലെ ഇറപ്പുഴ ബിൽഡിംഗ് എന്നിവിടങ്ങളിലാണ് സെന്ററുകൾ പ്രവർത്തിക്കുന്നത്. ആംബുലൻസിനുപുറമെ രണ്ടു സ്ഥലങ്ങളിൽ തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനും പ്രാഥമിക കാര്യങ്ങൾക്കും കുടിവെള്ളത്തിനും സൗകര്യമൊരുക്കും.സേവന കേന്ദ്രങ്ങളിൽ ജീവനക്കാരുടെ സഹായം ഏതു സമയത്തും ലഭ്യമാക്കും. മെഡിക്കൽ എയ്ഡ് പോസ്റ്റുകളുടേയും സേവന കേന്ദ്രങ്ങളുടേയും ഉദ്ഘാടനങ്ങൾ കൊടിക്കുന്നിൽ സുരേഷ് എം.പി.,സജി ചെറിയാൻ എം.എൽ.എ എന്നിവർ നിർവഹിക്കും. മാലിന്യങ്ങൾ ഉടനടി നീക്കംചെയ്യാൻ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾക്കൊപ്പം ഹരിതകർമ്മസേനാ പ്രവർത്തകരും പങ്കാളികളാകും. മാലിന്യങ്ങൾ നിക്ഷേപിക്കാൻ തീർത്ഥാടകർക്കായി ഹരിത സൗഹാർദ്ദ നിക്ഷേപ കേന്ദ്രങ്ങൾ സ്ഥാപിക്കും. സേവന പ്രവർത്തനങ്ങൾക്ക് ക്യാമ്പിൽ നിന്നും 30 പൊലീസ് ഉദ്യോഗസ്ഥരെ അധികമായി നഗരപ്രദേശത്ത് മാത്രമായി നിയമിക്കണമെന്ന് ജില്ലാ പൊലീസ് ചീഫിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ പറഞ്ഞു.തെരുവു വിളക്കുകൾ പരുമല തീർത്ഥാടകർക്കുകൂടി പ്രയോജനപ്രദമാകുന്ന വിധത്തിൽ 30നകം സ്ഥാപിക്കണമെന്ന് കെ.എസ്.ഇ.ബി ഹരിപ്പാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. നഗരപ്രദേശത്തെ സേവനകേന്ദ്രങ്ങളെല്ലാം ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് നഗരസഭാ സെക്രട്ടറി ജി.ഷെറി ആവശ്യപ്പെട്ടു. ഡിസ്‌പോസിബിൾ ഗ്ലാസ്, പ്ലെയിറ്റ് എന്നിവ ഒഴിവാക്കി സ്റ്റീൽ ഗ്ലാസ്,പ്ലെയിറ്റ് എന്നിവ ഉപയോഗിക്കണം. തീർത്ഥാടകർ മാലിന്യങ്ങൾ പ്രത്യേകമായി തയാറാക്കിയിരിക്കുന്ന സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കണം.വിവിധ സന്നദ്ധ സംഘടനകൾ, ആശുപത്രികൾ, ഐ.എം.എ, സ്വകാര്യ വ്യക്തികൾ എന്നിവരുടെ സഹകരണത്തോടെയാണ് നഗരസഭ സൗകര്യങ്ങളൊരുക്കുന്നത്.