കറുകച്ചാൽ: സമ്പൂർണ ജൈവഗ്രാമത്തിലേക്ക് ചുവടുവെച്ച് നെടുംകുന്നം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. വിവിധ ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുന്നത്. അടുത്ത മാസം ആദ്യവാരം 100 വീടുകളിൽ പച്ചക്കറിതൈകൾ വച്ച ഗ്രോബാഗുകൾ, കോവൽ വള്ളി, ജൈവവളം എന്നിവ വിതരണം ചെയ്യും. എല്ലാ വീടുകളിലും ഇഞ്ചി, മഞ്ഞൾ, കറ്റാർവാഴ എന്നിവ വച്ചു പിടിപ്പിക്കും. രണ്ടാം ഘട്ടത്തിൽ വാർഡിലെ തരിശു ഭൂമികൾ കർഷക സംഘങ്ങളുടെ നേതൃത്വത്തിൽ പാട്ടത്തിനെടുത്ത് കപ്പ, വാഴ, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യും. പൂർണമായും ജൈവരീതിയിലുള്ള കൃഷിയാണ് നടത്തുന്നത്. വാർഡിലേക്കാവശ്യമായ മുഴുവൻ പച്ചക്കറികളും കിഴങ്ങു വർഗങ്ങളും സ്വന്തമായി ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, ആരോഗ്യസുരക്ഷ എന്നിവ നടപ്പിലാക്കുന്നതിനായി പ്രത്യേക പദ്ധതികളും ആരംഭിക്കും. പ്ലാസ്റ്റിക് നിർമ്മാർജം, ജൈവവള നിർമ്മാണം എന്നിവ വീടുകളിൽ തന്നെ നടപ്പാക്കും. വാർഡിലെ എല്ലാ കിണറുകളിലും റീചാർജിംഗ് സംവിധാനം ഏർപ്പെടുത്തും. ജലനിധി സമിതികൾ, കർഷക സംഘങ്ങൾ എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതികൾ പൂർത്തിയാക്കുന്നത്. വാർ‌ഡ് അംഗം രാജമ്മ രവീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല ഉദ്ഘാടനം ചെയ്തു. സണ്ണി പൂവൻപാറ, ജെയിംസുകുട്ടി കിഴക്കേപറമ്പിൽ, പ്രേംസൺ വർഗീസ്, റെജി ചെറുപുതുപ്പള്ളി, വത്സമ്മ ഷാജി, മായ് പ്രകാശ്, സാബു പോത്തൻ തുടങ്ങിയവർ സംസാരിച്ചു.