കോട്ടയം: അലർജിയും ശ്വാസകോശരോഗങ്ങളും പരത്തുന്ന പാർത്തീനിയം എന്ന വിഷച്ചെടി കോട്ടയത്തും വേരുറപ്പിക്കുന്നു. കോൺഗ്രസ് പച്ച, വെള്ളത്തൊപ്പി, ക്യാരറ്റ് കള എന്നി പേരുകളിലും അറിയപ്പെടുന്ന പുഷ്പിക്കുന്ന ഒരിനം കുറ്റിച്ചെടിയാണ് പാർത്തീനിയം.
കോട്ടയത്ത് പഴയപച്ചക്കറി മാർക്കറ്റിന് സമീപത്താണ് ഇപ്പോൾ പാർത്തീനിയം കൂട്ടമായി വളരുന്നത്. മുളയിലെ നുള്ളിയില്ലെങ്കിൽ മറ്റ് പ്രദേശങ്ങളിലേക്ക് പടരാനുള്ള സാദ്ധ്യത ഏറെയാണ്. നിറയെ വെളുത്തപൂക്കളുമായി പടർന്നുനിൽക്കുന്ന കരിംപച്ച നിറത്തിലുള്ള ചെടികൾ കാഴ്ചയിൽ നിരുപദ്രവമെന്ന് തോന്നാമെങ്കിലും ലോകത്ത് കണ്ടുവരുന്ന വീര്യമേറിയ പത്ത് വിഷസസ്യങ്ങളിൽ ഒന്നാണിത്.
തമിഴ്നാട്ടിൽ നിന്ന് വാഴക്കുലയും പച്ചക്കറികളും പൊതിഞ്ഞുകൊണ്ടുവരുന്ന വാഴക്കച്ചിക്കൊപ്പമാകാം ഇതിന്റെ വിത്ത് കോട്ടയത്ത് എത്തിയത് . സംസ്ഥാനസർക്കാർ ഈ ചെടി നശിപ്പിക്കുന്നതിന് മുമ്പ് കർശനനടപടി സ്വീകരിച്ചിരുന്നു. 2013 ആഗസ്റ്റ് 16 മുതൽ 22 വരെ ദേശീയതലത്തിൽ പാർത്തീനിയം ബോധനവാരമായി ആചരിക്കുകയും ചെയ്തു. എന്നാൽ പിന്നീടിതിന്റെ തുടർ നടപടികൾ ഉണ്ടായില്ല.
പാർത്തീനിയം
മനുഷ്യർക്ക് നേരിട്ട് ത്വക് , ശ്വാസകോശ രോഗങ്ങളുമുണ്ടാക്കും
ചെടിയിലെ പാർത്തെനിൻ ആണ് അലർജിയുണ്ടാക്കുന്നത്.
ഗ്ലൈഫോസേറ്റ്, മെട്രിബുസീൽ എന്നിവ തളിച്ച് ഇതു നശിപ്പിക്കാം
ഉപ്പുലായിനി തളിക്കുന്നതും ഒരുപരിധിവരെ ഗുണം ചെയ്യും.
പറിച്ചെടുക്കുന്ന ചെടികൾ ആഴത്തിൽ കുഴിച്ചുമൂടി നശിപ്പിക്കണം
കോട്ടയത്ത് വ്യാപകമല്ല
അലർജി രോഗങ്ങളുണ്ടാക്കുന്ന ഈ വിഷസസ്യം കൂടുതൽ സ്ഥലങ്ങളിലേക്ക് പടരാതെ നോക്കണം. കോട്ടയം നഗരത്തിൽ ഇപ്പോൾ വ്യാപകമല്ല. എന്നാൽ കാലാവസ്ഥ അനുകൂലമായാൽ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കാം.
:-ഡോ. എൻ. ഉണ്ണികൃഷ്ണൻ, ബയോ ടെക്നോളജി വിഭാഗം,
സി.എം.എസ്. കോളേജ് ,കോട്ടയം
ലോകത്തിലെ
വീര്യമുള്ള
10
വിഷച്ചെടികളിൽ ഒന്ന്