കോട്ടയം: ഒരോ ഫയലിലും ഒാരോ ജീവിതമുണ്ടെന്ന് നിരന്തരം ഒാർമ്മിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ സംഘടനയിൽ പെട്ട ജീവനക്കാർതന്നെ ഓഫീസിൽ നിന്നു മുങ്ങി നടക്കുന്നതായി ആക്ഷേപം. ജീവനക്കാരുടെ സംഘടനാ പ്രവർത്തനം ഓഫീസിന്റെ പ്രവർത്തനത്തെ ബാധിച്ചതോടെയാണ് ഇതു സംബന്ധിച്ച് ഊമക്കത്ത് ജില്ലാ കളക്‌ടർ പി.കെ സുധീർ ബാബുവിന് ലഭിച്ചത്. കത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ജേക്കബ് വർഗീസിന് കളക്‌ടർ നിർദേശം നൽകി.
സർക്കാർ ജീവനക്കാരുടെ യൂണിയൻ പ്രവർത്തനങ്ങൾ ജോലിയെ ബാധിക്കരുതെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്. ഇതിനിടെയാണ് കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിലെ രണ്ടു ജീവനക്കാർ യൂണിയൻ പ്രവർത്തനങ്ങളുമായി കറങ്ങി നടക്കുന്നത്. രണ്ടു മാസത്തിനിടെ വിരലിലെണ്ണാവുന്ന ദിവസം മാത്രമാണ് ഇവർ ഓഫീസിൽ എത്തിയിരിക്കുന്നതെന്നാണ് ഊമക്കത്തിലെ ആരോപണം.
ജോലി ചെയ്യുന്നത് പ്യൂൺമാർ
കഴിഞ്ഞ ആഴ്‌ചയാണ് ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരുടെ പേര് സഹിതം കത്ത് ജില്ലാ കളക്‌ടർക്ക് ലഭിച്ചത്. ഈ ജീവനക്കാർ ഓഫീസിൽ എത്തുന്നില്ലെന്നും പ്യൂൺമാരെക്കൊണ്ട് ജോലി ചെയ്യിക്കുകയാണെന്നും ഊമക്കത്തിൽ പറയുന്നു. നേതാക്കളായതിനാൽ മറ്റു ജീവനക്കാർ ആരും ഇതു ചോദ്യം ചെയ്യാൻ തയ്യാറാകുന്നില്ല. മറ്റുള്ളവരെ ഭീഷണിപ്പെടുത്താൻ യൂണിയന്റെയും സർക്കാരിന്റെയും സ്വാധീനം ഉപയോഗിക്കുന്നതായും ജീവനക്കാരുടെ കൂട്ടായ്‌മ അയച്ച കത്തിൽ പറയുന്നു
വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എങ്കിലും പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എത്രയും വേഗം ജില്ലാ കളക്‌ടർക്ക് റിപ്പോർട്ട് സമർപ്പിക്കും.
ഡോ.ജേക്കബ് വർഗീസ്,
ജില്ലാ മെഡിക്കൽ ഓഫീസർ