കോട്ടയം: ഗുണ്ടാത്തലവൻ അലോട്ടി പ്രതിയായ ലോഡ്‌ജ് മാനേജർ ഗോപിനാഥൻ നായരുടെ കൊലക്കേസിൽ കൂട്ടക്കൂറുമാറ്റം. ആകെ വിചാരണ ചെയ്‌ത 37 സാക്ഷികളിൽ പതിനഞ്ചു പേർ ഇതുവരെ കൂറുമാറി. മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയ നാലു സാക്ഷികളും കൂറുമാറിയവരിൽ ഉൾപ്പെടുന്നു.

2012 ഡിസംബറിൽ തിരുനക്കര കണ്ടത്തിൽ ലോഡ്‌ജിലെ മാനേജർ പള്ളിക്കത്തോട് സ്വദേശിയായ ഗോപിനാഥൻ നായരെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണയ്‌ക്കിടെയാണ് സാക്ഷികൾ കൂറുമാറിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബ് (അലോട്ടി - 25), കുമാരനല്ലൂർ പെരുമ്പായിക്കാട് ഇല്ലിച്ചുവട്ടിൽ സോണി വർഗീസ് (സോണിയപ്പൻ - 40), കല്ലറ വടക്കേവീട്ടിൽ വിജിലീഷ് (മജ്നു -37), കണ്ണൂർ കുന്നുവളപ്പിൽ പടിയൂർ അനീഷ് (26) എന്നിവരാണ് പ്രതികൾ.

കോട്ടയം അഡീഷണൽ സെഷൻസ് ജഡ്‌ജ് ഹാഫിസ് മുഹമ്മദിനു മുന്നിൽ നടന്ന വിചാരണയ്‌ക്കിടെയാണ് സാക്ഷികളായ ഹരിഹരൻ, നാലാം പ്രതി അനീഷിന്റെ കാമുകി ഷൈമോൾ, പ്രതികളുടെ സുഹൃത്തുക്കളായ മെബിൻ സിറിയക്‌, ബസ് ജീവനക്കാരൻ ഷിബു എന്നിവരാണ് രഹസ്യ മൊഴി നൽകിയ ശേഷം കൂറുമാറിയിരിക്കുന്നത്. മറ്റ് ആറു സാക്ഷികൾ കൂടി കൂറുമാറിയിട്ടുണ്ട്. കൂറുമാറുമെന്ന സംശയത്തെ തുടർന്ന് അഞ്ചു സാക്ഷികളെ വിചാരണ ചെയ്യാതെ മാറ്റി നിർത്തുകയും ചെയ്‌തു.

ലോഡ്‌ജിൽ പെൺകുട്ടികളുമായി പ്രതികൾ എത്തുന്നത് ഗോപിനാഥൻ നായർ ചോദ്യം ചെയ്‌തിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അലോട്ടിയുടെ നേതൃത്വത്തിൽ എത്തിയ സംഘം ഗോപിനാഥൻ നായരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.