കോട്ടയം : സംസ്ഥാന ജൂനിയർ മീറ്റിനിടെ ഹാമർ തലയിൽ വീണ് അഫീൽ ജോൺസൺ മരിക്കാനിടയായത് മത്സരനടത്തിപ്പിലെ പിഴവെന്ന് അന്വേഷണ കമ്മിഷൻ റിപ്പോർട്ട്. മത്സരങ്ങൾ തീർക്കാൻ സംഘാടകർ തിരക്കിട്ട് സമയക്രമീകരണം നടത്തിയതാണ് അപകടത്തിലേയ്ക്ക് നയിച്ചതെന്ന് 12 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. അർജുന അവാർഡ് ജേതാവ് വി.ദിജു,​ സായ് മുൻ പരിശീലകൻ എം.പി.സത്യാനന്ദൻ, ഡോ.കെ.കെ.വേണു എന്നിവരായിരുന്നു കമ്മിഷൻ അംഗങ്ങൾ.

മരണത്തെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് ഹാമർ മത്സരത്തിന്റെ പൂർണ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ചീഫ് ജഡ്ജ് കമ്മിഷനോട് പറഞ്ഞത്. 5 ദിവസംകൊണ്ട് നടത്തേണ്ട മത്സരങ്ങൾ 3 ദിവസംകൊണ്ട് തീർക്കാനാണ് ഒരേ സമയം രണ്ട് ത്രോയിനങ്ങൾ നടത്തിയത്. ഇതേ രീതി തുടർന്നാൽ അപകടങ്ങൾ ആവർത്തിക്കുമെന്ന താക്കിതും കമ്മിഷൻ നൽകുന്നു. കുറ്റമറ്റ രീതിയിലാണോ ത്രോ ഇനങ്ങൾ നടക്കുന്നതെന്ന് പരിശോധിക്കാൻ പ്രത്യേക ഒഫീഷ്യൽസിനെ ചുമതലപ്പെടുത്താൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും നിയോഗിച്ചില്ല. ഇത് പ്രധാന പോരായ്മയായി. സംഘാടനത്തിന് മാത്രമായി നിയോഗിക്കേണ്ട വോളന്റിയറിനെ സാങ്കേതിക നടത്തിപ്പിനായി ഉപയോഗിച്ചു. മത്സരങ്ങൾ വേഗത്തിൽ തീർക്കാൻ തിടുക്കപ്പെട്ട് മത്സരക്രമം ചിട്ടപ്പെടുത്തിയത് അപാകതയായി.

അപകടം ഒഴിവാക്കാൻ നിർദ്ദേശങ്ങൾ

സംസ്ഥാനതല ഏജ് ഗ്രൂപ്പ് മത്സരങ്ങൾ അഞ്ചുദിവസമായി നടത്തണം

ത്രോ ഇനങ്ങൾ ഒരിക്കലും ഒരേ ദിശയിൽ നടത്തരുത്. നടത്തേണ്ടി വന്നാൽ ഒരിനം പൂർത്തിയാക്കയതിന് ശേഷം അടുത്തത് തുടങ്ങണം

വോളന്റിയർമാരെ സംഘാടനച്ചുമതലകൾക്ക് മാത്രം നിയോഗിക്കുക

ടെക്നിഷ്യൽ ഒഫീഷ്യൽസിനെ മാത്രം മത്സരനടത്തിപ്പിന് ഉപയോഗിക്കണം

മഴസമയത്ത് ത്രോയിംഗ് മത്സരങ്ങൾ നടത്തുന്നത് അപകട സാദ്ധ്യത വർദ്ധിപ്പിക്കും