പാലാ : മഹാകവി കുമാരനാശാനും, പാലാ നാരായണൻ നായർക്കും പാലായിൽ സ്മാരകമൊരുക്കാൻ ഇന്നലെ ചേർന്ന നഗരസഭാ യോഗം ഐകകണ്‌ഠ്യേന തീരുമാനിച്ചു.ഒപ്പം സ്വാതന്ത്ര്യ സമര സേനാനി പ്രൊഫ.കെ.എം. ചാണ്ടിയ്ക്കും സ്മാരകമുണ്ടാകും. തെക്കേക്കരയിലെ ചിൽഡ്രൻസ് പാർക്കിന് കുമാരനാശാന്റെ പേരിടും. ഇതോടൊപ്പം ഇവിടെ കുമാരനാശാന്റെ പേരിൽ കുട്ടികളുടെ ലൈബ്രറിയും, കുമാരനാശാൻ കൃതികളുടെ റഫറൻസിനുള്ള സൗകര്യവും ഏർപ്പെടുത്തും. ആശാന്റെ പ്രതിമയും സ്ഥാപിക്കും. ഒപ്പം പാർക്കിനോടു ചേർന്ന ഹൈവേ ജംഗ്ഷനിൽ ആശാന്റെ പേരിൽ ആർച്ച് നിർമ്മിക്കാനും തീരുമാനമായി.
ളാലം പാലം ജംഗ്ഷൻ പാലാ നാരായണൻ നായരുടെ സ്മാരകമാക്കണമെന്ന ബിജു പാലൂപ്പടവിലിന്റെ നിർദ്ദേശവും അംഗീകരിച്ചു. പുതിയ ബൈപ്പാസിന് പാലാ നാരായണൻ നായരുടെ പേര് കൊടുക്കണമെന്ന് വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ നിർദ്ദേശിച്ചു. പാലാ ജനറൽ ആശുപത്രി ജംഗ്ഷന് പ്രൊഫ.കെ.എം.ചാണ്ടിയുടെ പേരിടണമെന്ന പ്രൊഫ.സതീഷ് ചൊള്ളാനിയുടെ നിർദ്ദേശവും അംഗീകരിച്ചു. കെ.എം. മാണിക്കും, പ്രൊഫ.കെ.എം.ചാണ്ടിക്കും സ്മാരകമായിട്ടും, മഹാകവികളായ ആശാനും പാലായ്ക്കും വേണ്ടി പറയാനാളില്ലെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി തുടർവാർത്തകൾ നൽകിയിരുന്നു. തുടർന്ന് അഡ്വ. ബിനു പുളിക്കക്കണ്ടവും, ബിജു പാലൂപ്പടവിലും ഇതേ ആവശ്യമുന്നയിച്ച് കത്ത് നൽകി. കൗൺസിൽ യോഗത്തിലും കേരളകൗമുദി വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു കൗൺസിലർമാർ സംസാരിച്ചത്.


ചരിത്ര തീരുമാനം നേരിട്ടറിയാൻ ശ്രീനാരായണ സമൂഹവും

പാലാ : മഹാകവികൾക്ക് സ്മാരകമൊരുക്കാനുള്ള നഗരസഭയുടെ ചരിത്രപരമായ തീരുമാനങ്ങൾക്ക് കണ്ണും കാതുമാവാൻ നിരവധി ശ്രീനാരായണീയരും മീനച്ചിൽ യൂണിയൻ ശാഖാതല നേതാക്കളും ഇന്നലെ കൗൺസിൽ ഹാളിലെത്തി. തെക്കേക്കരയിലെ പാർക്കിന് കുമാരനാശാന്റെ പേരിടുന്ന വിഷയവും മഹാകവി പാലായ്ക്ക് സ്മാരകമൊരുക്കുന്ന വിഷയവും അജണ്ടയിൽ ആറാമതായിരുന്നു. എന്നാൽ തീരുമാനം അറിയാൻ ഇയ്രേറെ ശ്രീനാരായണീയർ വന്ന സ്ഥിതിക്ക് ഈ വിഷയങ്ങൾ ആദ്യം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ നേതാവ് റോയി ഫ്രാൻസീസിന്റേയും, ബി.ജെ.പി പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റേയും അഭിപ്രായം ചെയർപേഴ്‌സൺ ബിജി ജോജോ അംഗീകരിച്ചു.

തെക്കേക്കരയിലെ ചിൽഡ്രൻസ് പാർക്കിന് മഹാകവി കുമാരനാശാന്റെ പേരിടാനും, ആശാൻ സ്മാരക ലൈബ്രറി തുടങ്ങാനും, ആർച്ചും, പ്രതിമയും സ്ഥാപിക്കാനും യോഗം ഐകകണ്‌ഠ്യേന തീരുമാനിക്കുന്നതായി ചെയർപേഴ്‌സൺ പ്രഖ്യാപിച്ചതിന്റെ ആവേശത്തിൽ കൗൺസിൽ യോഗമാണെന്നു പോലും മറന്ന് ശ്രീനാരായണീയർ കൈയടിച്ചു. ഈഴവ വിഭാഗത്തിൽ നിന്ന് ഒരാൾ പോലുമില്ലാത്ത കൗൺസിൽ യോഗമാണ് കുമാരനാശാനും മഹാകവി പാലായ്ക്കും വേണ്ടി ഒരേ മനസോടെ ഒത്തു ചേർന്നത് എന്നതും ശ്രദ്ധേയമായി. മീനച്ചിൽ യൂണിയൻ നേതാക്കളായ അനീഷ് ഇരട്ടയാനി, സജി മുല്ലയിൽ, ശാഖാ നേതാക്കളായ പി.ജി.അനിൽകുമാർ പതിപ്പിള്ളിൽ, പി.ആർ. നാരായണൻ കുട്ടി അരുൺ നിവാസ്, കെ.കെ.നാരായണൻ, കെ.ഗോപി , കെ.ആർ.സൂരജ് പാലാ, എ.എസ്.ജയകുമാർ, ഉല്ലാസ് തോപ്പിൽ, ജോഷി പരമല, കുമാരി സുരേഷ് ബാബു, സീലിയാ ജോഷി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ശ്രീനാരായണസമൂഹം കൗൺസിൽ ഹാളിലെത്തിയത്.