വൈക്കം : മഹാദേവരുടെ സ്വർണധ്വജത്തിൽ ഇക്കുറിയും ഉത്തര ദിക്കിൽ തന്നെ കൊടിയേറും. കാരണം ആട്ടവിശേഷത്തിന് കൊടിയേറ്റാൻ വലിയ മേക്കാടനില്ല. വൈക്കം മഹാദേവ ക്ഷേത്രത്തിലെ തന്ത്റി കിഴക്കിനിയേടത്ത് മേക്കാട്ട് നാരായണൻ നമ്പൂതിരി ഇന്നലെ പുലർച്ചെയാണ് അന്തരിച്ചത്.
വൈക്കം മഹാദേവക്ഷേത്രത്തിലെ താന്ത്റിക അനുഷ്ഠാനങ്ങളും ആചാരങ്ങളും ഇതര ക്ഷേത്രങ്ങളിൽ നിന്ന് വേറിട്ടതാണ്. കിഴക്കിനിയേടത്ത് മേക്കാട്ട്, ഭദ്റകാളി മറ്റപ്പള്ളി എന്നീ ഇല്ലങ്ങൾക്കാണ് തന്ത്റം. വൈക്കത്തഷ്ടമിക്കും ഉദയനാപുരത്തെ തൃക്കാർത്തിക മഹോത്സവത്തിനും തന്ത്റിമാർ മാറിമാറിയാണ് ഓരോ വർഷവും കൊടിയേറ്റുക.മഹാദേവ ക്ഷേത്രത്തിലെ കൊടിമരത്തിന് ഉത്തര, ദക്ഷിണ ദിക്കുകളിലേക്കായി രണ്ട് തണ്ടുകളുണ്ട്. ഭദ്റകാളി മറ്റപ്പള്ളി നമ്പൂതിരിയാണ് കൊടിയേറ്റുന്നതെങ്കിൽ ധ്വജത്തിന്റെ ഉത്തര ദിക്കിലും മേക്കാടനാണെങ്കിൽ ദക്ഷിണ ദിക്കിലുമാണ് കൊടി ഉയരുക. ഇത്തവണ കൊടിയേറ്റിന് മുഖ്യകാർമ്മികത്വം വഹിക്കേണ്ടത് മേക്കാട്ട് കുടുംബമായിരുന്നു. മരണാനന്തര അനുഷ്ഠാനങ്ങളുടെ ഭാഗമായി അഷ്ടമി ഉത്സവം തുടങ്ങി മുന്നുദിവസം കഴിഞ്ഞ് മാത്രമാണ് മേക്കാട് കുടുംബക്കാർക്ക് ഇനി ക്ഷേത്രത്തിൽ പ്രവേശിക്കാനാകുക.
മോനാട്ട് ഇല്ലക്കാർക്കായിരുന്നു പണ്ട് ക്ഷേത്രത്തിലെ തന്ത്റാവകാശം. ഒരിയ്ക്കൽ ശ്രീകോവിലിൽ അഗ്‌നിബാധയുണ്ടായി. വരുണ മന്ത്റം ജപിച്ച് തന്ത്റി വിഗ്രഹത്തെ രക്ഷിക്കാനായി കെട്ടിപ്പിടിച്ച് കിടന്നു. ഭക്തജനങ്ങളുടെ ശ്രമഫലമായി അധികം നാശം ഉണ്ടാവാതെ തീ കെടുത്തി. വിഗ്രഹത്തിന് കേടുപാടുകൾ ഒന്നും ഇല്ലെന്നറിഞ്ഞ് സന്തോഷിച്ച തന്ത്റി ഇനിയൊരിക്കൽ ഇതുപോലൊരു അപകടം വന്നാൽ തന്റെ പിൻഗാമികൾക്ക് ക്ഷേത്രത്തെ സംരക്ഷിക്കാൻ കഴിയാതെ വരുമെന്ന് ഭയപ്പെട്ട് തന്ത്റം വച്ച് ഉപേക്ഷിച്ചു.
പിന്നീട് തന്ത്റസ്ഥാനം മേക്കാട്ട് ഇല്ലക്കാർക്കായി. ക്ഷേത്രത്തിൽ കൊട്ടുന്നതിന് അവകാശിയായ പുതുശ്ശേരി കുടുംബത്തിൽ പിൻമുറക്കാരായി ആണുങ്ങളില്ലാതെ വന്നതുമായി ബന്ധപ്പെട്ടാണ് ഭദ്റകാളി മറ്റപ്പള്ളി ഇല്ലക്കാർ തന്ത്റം തുടങ്ങുന്നത്. കൊട്ടിപ്പാടി സേവ ,പാണി തുടങ്ങിയ മേളങ്ങൾക്ക് ദീർഘകാലത്തെ പരിചയം വേണം. തന്ത്റശാസ്ത്രം, ശബ്ദ ശാസ്ത്രം, സംഗീതം, പരിസ്ഥിതി ശാസ്ത്രം, മനശാസ്ത്രം എന്നിവയുമായി ബന്ധമുള്ള ചടങ്ങാണിത്. ഇതൊന്നും അറിയാതെ കൊട്ടിപ്പാടിയാൽ മന്ത്റം ജപിക്കുവാനോ ബലിതൂകാനോ സാധിക്കാതെ വരുന്ന അവസ്ഥയിലായിരുന്നു മേക്കാട്ടെ തന്ത്റി. ഈ സമയത്ത് ക്ഷേത്രത്തിന് സമീപത്തെത്തിയ ഭദ്റകാളി മറ്റപ്പളളി കുടുംബത്തിലെ ബ്രാഹ്മണൻ പാണിയുടെ ശബ്ദം കേട്ടു. ഇതിനൊപ്പിച്ച് ബലി തൂകുവാൻ പ്രയാസമാന്നെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാവുമെന്നും മനസിലാക്കിയ അദ്ദേഹം ക്ഷേത്രത്തിൽ പ്രവേശിച്ചു. ബലി തൂകുമ്പോൾ സംസാരിക്കരുത് എന്നത് കാരണം ഭദ്റകാളി മറ്റപ്പള്ളി നമ്പൂതിരി ആംഗ്യ ഭാഷയിൽ പകുതി തന്ത്റാവകാശം മേക്കാടനോട് ചോദിക്കുകയും അത് സമ്മതിക്കുകയും ചെയ്തു. തുടർന്ന് ഭദ്റകാളി മറ്റപ്പള്ളി നമ്പൂതിരി മന്ത്റതന്ത്റ വേഗതയോടെ ഹവിസ്സ് തൂകുകയും തന്റെ വിരൽ മുറിച്ച് ഭൂതഗണങ്ങൾക്ക് രക്തം നല്കി തൃപ്തിപ്പെടുത്തിയെ ന്നുമാണ് ഐതിഹ്യം. ഇതിന് ശേഷമാണ് വൈക്കം ക്ഷേത്രത്തിൽ രണ്ടു തന്ത്റിമാരായതത്രെ.