ചങ്ങനാശേരി: മാലിന്യം പെരുകുന്നു, നാടു മുഴുവൻ ചീഞ്ഞുനാറുന്നു, ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ പ്ലാസ്റ്റിക് പൊടിക്കൽ യന്ത്രമാകട്ടെ പ്രവർത്തനമില്ലാതെ തുരുമ്പുമെടുത്തു. മാലിന്യപ്രശ്നത്തിന് പരിഹാരമാകുമെന്ന് കരുതി തുടങ്ങിയ ഫാത്തിമാപുരത്തെ ഡംപിഗ് യാർഡിന്റെ പ്രവർത്തനം നിലച്ചിട്ട് നാളുകളേറെയായി. നാട്ടുകാരുടെ ദുരിതത്തിന് മാത്രം അറുതിയില്ലെന്ന് സാരം. വർഷങ്ങൾക്ക് മുമ്പ് കുന്നുകൂടികിടക്കുന്ന മാലിന്യം അഴുകി ദുർഗന്ധം പരന്നതോടെ പൊറുതിമുട്ടിയ നാട്ടുകാർ ഡംപിഗ് യാർഡിനെതിരെ പലകുറി സമരം നയിച്ചിരുന്നു. ജൈവ മാലിന്യം തരം തിരിച്ച് സംസ്‌കരിക്കുന്ന നടപടികൾക്ക് സ്വകാര്യ ഏജൻസികളെ നിയമിച്ച് അധികൃതർ പ്രശ്നപരിഹാരത്തിന് നടപടിയുമെടുത്തു. എന്നാൽ നഗരസഭ കരാറുകാരന് പണം നൽകാത്തതും ജീവനക്കാർക്ക് തത്തുല്യമായ വേതനം ലഭിക്കാത്തതും മാലിന്യം തരം തിരിക്കുന്ന ജോലികൾ മുടങ്ങുന്നതിന് കാരണമായി. കരാറുകാരൻ മാലിന്യ കേന്ദ്രത്തിൽ ആത്മഹത്യാ ശ്രമവും നടത്തിയിരുന്നു. ടൗണിലെ ഏതാനും സ്ഥലത്ത് നിന്ന് ശേഖരിക്കപ്പെടുന്ന മാലിന്യം ഇവിടെ നിക്ഷേപിക്കുകയാണ്.
മാലിന്യനിർമാർജ്ജന പദ്ധതിയിൽ ചങ്ങനാശേരിയും
നാഷണൽ ഗ്രീൻ ട്രിബുണൽ കേരളത്തിലെ 63 നഗരസഭകൾക്കൊപ്പം ചങ്ങനാശേരി നഗരസഭയെക്കുടി മാലിന്യ നിർമ്മാർജജന പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമായിരുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള ഒലീന എന്ന ഏജൻസിക്കാണ് സർക്കാർ മാലിന്യ നിർമ്മാർജജന ചുമതല നൽകിയെതെങ്കിലും പ്രഖ്യാപിച്ച സമയത്തൊന്നും പദ്ധതി ബോധവത്കരണം പോലും നടത്താനാവാതെ പ്രോഗ്രാം എവിടെയും എത്തിക്കാനായിട്ടില്ല.