കോട്ടയം: കളത്തിക്കടവിൽ മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളുടേത് കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. വാകത്താനത്ത് വാടകയ്‌ക്കു താമസിക്കുന്ന പുതുപ്പള്ളി മാങ്ങാനം പുതുപ്പറമ്പിൽ വീട്ടിൽ സുരേഷ് ദാസാണ് (64) മരിച്ചത്. സ്വത്ത് തട്ടിയെടുക്കാൻ വേണ്ടി ഇദ്ദേഹം ജോലി ചെയ്‌തിരുന്ന വീട്ടിലെ വീട്ടമ്മയുടെ ബന്ധുക്കൾ ചേർന്ന് കൊലപ്പെടുത്തിയതാണെന്ന ആരോപണമാണ് ബന്ധുക്കൾ ഉയർത്തിയത്. അമേരിക്കൻ മലയാളിയായ പാറമ്പുഴ സ്വദേശിനിയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു മരിച്ച സുരേഷ് ദാസ്. രണ്ടു വർഷം മുൻപ് അമേരിക്കയിൽ വച്ച് വിദേശമലയാളിയായ വീട്ടമ്മ മരിച്ചിരുന്നു. തുടർന്ന് ഇവരുടെ സ്വത്ത് പരിശോധിച്ചപ്പോൾ സുരേഷ് ദാസിന്റെ പേരിൽ സ്വത്ത് എഴുതി വച്ചിരുന്നതായി കണ്ടെത്തി. തുടർന്ന് മരിച്ച പാറമ്പുഴ സ്വദേശിയുടെ ബന്ധുക്കൾ സുരേഷിനെതിരെ ഹൈക്കോടതിയിൽ കേസ് നൽകി. ഈ കേസ് തനിക്ക് അനുകൂലമായി വിധിച്ചതായി അറിയിച്ച് കഴിഞ്ഞ 28 നാണ് സുരേഷ് വീട്ടിൽ നിന്നും പോയത്. സുരേഷിനെ കാണാതെ വന്നതോടെ ബന്ധുക്കൾ പരാതിയുമായി ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു.
ഹൈക്കോടതിയിലെ കേസിന്റെ രേഖകൾ വാങ്ങാനായാണ് സുരേഷ് പോയത്. എന്നാൽ, തിരികെ വീട്ടിൽ എത്തിയില്ല. മൃതദേഹം കണ്ടെത്തിയത് വീട്ടിൽ നിന്നും ഏറെ ദൂരെയായാണ്. ഈ സാഹചര്യത്തിലാണ് മരണത്തിൽ സംശയമുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ, സംഭവത്തിൽ ദുരൂഹതയില്ലെന്ന് കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ നിർമ്മൽ ബോസ് പറഞ്ഞു. മരണം വെള്ളം കുടിച്ചാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ മുറിവുകളോ, പരിക്കുകളോ ഒന്നും കാണാനുമില്ല. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം അന്തിമ നിഗമനത്തിൽ എത്തുമെന്നും ഇൻസ്‌പെക്‌ടർ അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്കു വിട്ടു നൽകും. ഭാര്യ: ഓമന, മകൻ: ജ്യോതിഷ്.