പാലാ : കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുകൂടിയായ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രൊഫ. സതീഷ് ചൊള്ളനിക്കെതിരെ കോൺഗ്രസിന്റെ തന്നെ വനിതാകൗൺസിലർ മിനി പ്രിൻസിന്റെ രൂക്ഷ വിമർശനം. കേരള കോൺഗ്രസിന് മുന്നിൽ കോൺഗ്രസിനെ അടിയറവ് വച്ച ബ്ലോക്ക് പ്രസിഡന്റ്, പാലായിലെ കോൺഗ്രസ് നേതാക്കളെ ഓരോരുത്തരെയായി പാർട്ടിയിൽ നിന്ന് വെട്ടി നിരത്തുന്ന അന്തകനാണെന്ന വിമർശനമാണ് മിനി തൊടുത്തുവിട്ടത്. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ സിവിൽ സ്റ്റേഷൻ ജംഗ്ഷന് പ്രൊഫ.കെ.എം.ചാണ്ടിയുടെ പേരിടണമെന്ന ആവശ്യവുമായി രംഗത്തു വന്ന സതീഷ്, കേരള കോൺഗ്രസുകാരോട് പറഞ്ഞത്, ഇത് കോൺഗ്രസുകാരെ സുഖിപ്പിക്കാനുള്ള നടപടി മാത്രമാണെന്നാണ്. അന്ന് കെ.എം. മാണിയുടെ സ്മാരകം ഒരുക്കുന്ന വിഷയത്തിൽ അനുകൂലിച്ചതിന് തന്നെ വിമർശിച്ച പ്രസിഡന്റ് സ്ഥാനങ്ങൾക്കായി തരം താണ കളിയാണ് നടത്തുന്നത്. കേരളാ കോൺഗ്രസിനായി കോൺഗ്രസിന് ലഭിക്കേണ്ട സ്ഥാനമാനങ്ങൾ പോലും ഇദ്ദേഹം വേണ്ടെന്ന് വയ്പ്പിച്ചെന്ന് മിനി പറഞ്ഞു. മാണി ഗ്രൂപ്പിനെ അനുകൂലിച്ചതിന്റെ പേരിൽ കോൺഗ്രസ് യോഗത്തിൽ മാപ്പ് പറഞ്ഞതിനെ അഭിമാനത്തോടെയാണു കാണുന്നത്. കെ.എം. മാണിക്കായി അത്രയെങ്കിലും ചെയ്യാൻ സാധിച്ചല്ലോ. നിഷ ജോസ്. കെ. മാണിയെ വ്യക്തിപരമായി തരംതാഴ്ത്തി സംസാരിച്ച സതീഷ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി. എഫ്. സ്ഥാനാർത്ഥിയെ പാലം വലിച്ചെന്ന് മിനി ആരോപിച്ചു. എന്നാൽ കല്ലുവെച്ച നുണകളാണു പ്രചരിപ്പിക്കുന്നതെന്നായിരുന്നു സതീഷിന്റെ മറുപടി. തന്റെ കുടുംബം കേരള കോൺഗ്രസാണെന്ന് കഴിഞ്ഞ കൗൺസിലിൽ മിനി പറഞ്ഞതിനെ കോൺഗ്രസ് താക്കീതു ചെയ്തിട്ടുണ്ട്. ഇതും, അവരുടെ ഭർത്താവ് പ്രിൻസിന് മണ്ഡലം പ്രസിഡന്റ് പദവി കൊടുക്കാത്തതുമാണിപ്പോൾ ആരോപണങ്ങൾക്കു പിന്നിൽ. ഒരേ സമയം രണ്ട് വള്ളത്തിൽ പോകുന്ന നയം മിനി പ്രിൻസ് തിരുത്തിയില്ലെങ്കിൽ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലാകുമെന്നും സതീഷ് മുന്നറിയിപ്പു നൽകി.