പാലാ : സ്‌കന്ദ ഷഷ്ഠി മഹോത്സവത്തിന് ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്രം ഒരുങ്ങി. നവംബർ 2 ന് നടക്കുന്ന ഷഷ്ഠിപൂജയ്ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ചെയ്തിട്ടുള്ളതെന്ന് ദേവസ്വം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു. കുടുംബസൗഖ്യത്തിനും ജീവിത സൗഭാഗ്യത്തിനും മഹാഭാഗ്യത്തിനും അത്യുത്തമമാണ് ഷ്ഷ്ഠിവ്രതം. ഇതിൽ സ്‌കന്ദഷഷ്ഠിയാണ് ഏറെ പ്രധാനം. ദീർഘായുസ്സും വിദ്യയും, സത്ഗുണങ്ങളുമുള്ള സന്താനങ്ങളുണ്ടാവാനും, സന്താന സ്‌നേഹം ലഭിക്കാനും, കുഞ്ഞുങ്ങൾക്ക് ശ്രേയസുണ്ടാകാനും, രോഗങ്ങൾ മാറാനും ഷഷ്ഠി വ്രതമെടുക്കാനായി ഇടപ്പാടി ക്ഷേത്രത്തിൽ ഓരോ വർഷവും നൂറുകണക്കിനു ഭക്തരാണ് എത്തുന്നത്. ഷഷ്ഠി ദിവസം വ്രതശുദ്ധിയോടെ ക്ഷേത്രത്തിൽ ദർശനവും വഴിപാടും നടത്തുന്ന ഭക്തർ ഉച്ചസമയത്തെ ഷഷ്ഠി പൂജയും തൊഴുത് ക്ഷേത്രത്തിൽ നിന്നു ലഭിക്കുന്ന പടച്ചോറുമുണ്ടാണ് വ്രതം പൂർത്തിയാക്കുന്നത്. ആറു ഷഷ്ഠി എടുക്കുന്നതിനു തുല്യമാണ് ഒരു സ്‌കന്ദഷഷ്ഠി എടുക്കുന്നത് എന്നാണ് വിശ്വാസം. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, കളഭ കലശപൂജ, നവകം പഞ്ചഗവ്യം, കാര്യസിദ്ധിപൂജ, കലശാഭിഷേകം, അഷ്ടാഭിഷേകം , മഹാഗുരുപൂജ, വിശേഷാൽ ഷഷ്ഠിപൂജ, ഷഷ്ഠി ഊട്ട് എന്നിവ നടക്കും.