കോട്ടയം: പുതുതായി നിർമിച്ച ലൂർദ്ദിയൻ പള്ളിയുടെ കൂദാശ നവംബർ 23ന് ഉച്ചകഴിഞ്ഞ് 2.30ന് ചങ്ങനാശേരി അതിരൂപത അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം നിർവഹിക്കും. തുടർന്ന് ലൂർദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും ആഘോഷിക്കും. 13000 സ്ക്വയർഫീറ്റിൽ റോമൻ വാസ്തു വിദ്യാ ശൈലിയിലാണ് നിർമാണം. 2000ത്തിലേറെ പേർക്ക് ഒരേ സമയം കുർബാനയിൽ പങ്കെടുക്കാം. അൾത്താരയുടെ ഭാഗം ഭാരതത്തിലെ പഴയകാല ശിൽപ ഭംഗി മുഴുവൻ ഉൾക്കൊണ്ടുള്ളതാണ്. പ്രധാന അൾത്താരയും ചെറിയ അൾത്താരകളും വായനപീഠവും ഉൾപ്പെടെയുള്ള 1200 ചതുരശ്രഅടി വിസ്തൃതിയുള്ള മദ്ബഹായ്ക്ക് 55 അടി ഉയരമുണ്ട്. 800 ചതുരശ്രഅടി വിസ്തീർണമുള്ള മോണ്ടളവും 900 ചതുരശ്രഅടിയുള്ള സൈഡ് മോണ്ടളങ്ങളും, 800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബാൽക്കണിയും പള്ളിക്കുണ്ട്. പള്ളിയുടെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ ഡിസംബർ ഒന്നിന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആലുങ്കൽ,​ പയസ് സ്‌കറിയ പൊട്ടംകുളം,​ കെ.കെ. മാത്യൂ കന്നുകൊളമ്പിൽ, വി.എം. മാത്യു വാരണത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു..