കോട്ടയം: കൃഷിയിലേയ്ക്ക് സ്ത്രീകളേയും പുതുതലമുറമേയും ആകർഷിക്കാനായി കുടുംബശ്രീയുടെ കാർഷിക പദ്ധതിയായ മഹിള കിസാൻ സ്ത്രീ ശാക്തീകരൺ പരിയോജനയുടെ ജില്ലാതല കാമ്പയിൻ നവംബർ രണ്ട്,മൂന്ന്,നാല് തീയതികളിൽ തിരുനക്കര മൈതാനത്ത് നടക്കും. രണ്ടിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വനിതകളേയും പുതുതലമുറയേയും കൃഷിക്കാരാക്കാൻ സംസ്ഥാനത്ത് നടത്തുന്ന സമൃദ്ധി കാമ്പയിന്റെ ഭാഗമായിട്ടാണ് ജില്ലയിലെ കാമ്പയിൻ. ഒരുവർഷം നീളുന്ന കാമ്പയിനിലൂടെ മുഴുവൻ അയൽക്കൂട്ടങ്ങളേയും കൃഷിയിലേയ്ക്ക് എത്തിക്കുകയാണ് ലക്ഷ്യം. പ്രളയാനന്തരം നിർജീവമായ സംഘക്കൃഷി ഗ്രൂപ്പുകളുടെ പുനരുജ്ജീവനം, തരിശുഭൂമി കൃഷിയുക്തമാക്കുക, കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ യൂണിറ്റുകളുടെ ആരംഭം, കാർഷിക നേഴ്‌സറി, ബയോഫാർമസി
തുടങ്ങിയ കാർഷികസംരംഭങ്ങൾ നൂതന ശാസ്ത്രസാങ്കേതിക പരിശീലന പരിപാടിയുടെ സഹായത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യം. പ്രമുഖർ നയിക്കുന്ന കാർഷിക സെമിനാറുകൾ, കുടുംബശ്രീ കാർഷികമേഖലയിലെ വിവിധ സംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും കാർഷിക മത്സരങ്ങൾ, ബാലസഭാ കുട്ടികളുടെ ചിത്രരചനാ മത്സരം, വൈവിദ്ധ്യമാർന്ന പരമ്പരാഗത നാടൻ കലാരൂപങ്ങളുടെ ദൃശ്യാവിഷ്‌ക്കാരം, കുടുംബശ്രീ കഫേ യൂണിറ്റുകളുടെ നാടൻ വിഭവങ്ങൾ എന്നിവയുണ്ടാകും. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ കെ. സുരേഷ്, അസി.കോ-ഓർഡിനേറ്റർ ബിനോയ് കെ. ജോസ്, പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.