പാലാ : എന്റെ നദി, എന്റെ ജീവൻ എന്ന സന്ദേശവുമായി മീനച്ചിലാറിന്റെ തീരത്തെ വീടുകളിൽ പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ വിദ്യാർത്ഥികൾ ഭവനസന്ദർശനം നടത്തി. ചാവറ പബ്ലിക് സ്‌കൂളിലെ അഞ്ഞൂറോളം വിദ്യാർത്ഥികളാണ് ശുചിത്വ സന്ദേശ പ്ലക്കാർഡുകൾ ഏന്തി ബോധവത്കരണ പരിപാടി നടത്തിയത്. 23 ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് നഗരസഭയ്ക്കു കൈമാറി. സന്ദർശിച്ച വീടുകളിൽ പരിസ്ഥിതി,നദീസംരക്ഷണ ലഘുലേഖകൾ വിതരണം ചെയ്തു. വീടുകളിലെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട വിവരശേഖരണവും നടത്തി. കളരിയാമ്മാക്കൽ പാലത്തിൽ ചാവറ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ പുനർജനി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മീനച്ചിലാർ പുനർജനി പ്രസിഡന്റ് സാബു എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ലൂസി ജോസ്, കൗൺസിലർ പ്രസാദ് പെരുമ്പളളിൽ, ഫാ.തോമസ് മതിലകത്ത്, പുനർജനി ഭാരവാഹികളായ വി.എം അബ്ദുള്ളഖാൻ, ഫിലിപ്പ് മഠത്തിൽ, ജോണി വലിയകുന്നേൽ, ഇ പി കുമാരൻ, ശ്രീജിത്ത് പാലാ, ബേബി ആനപ്പാറ, സജീവ് പാലാ, ജോർജ് കുടിയിരിപ്പിൽ, പി ടി എ വൈസ് പ്രസിഡന്റ് പ്രതിഭാ ഷാജി, സ്മിത മനോജ്, ഷാജി തോമസ് എന്നിവർ പ്രസംഗിച്ചു.